ഇപ്പോൾ ഗോവധം നിയമവിധേയമായ സംസ്ഥാനങ്ങളിലും അധികം താമസിയാതെ തന്നെ  പശുക്കളെ കശാപ്പുചെയ്യുന്നതിന് വിലക്ക് കൊണ്ടുവരും എന്ന് ദേശീയ പശു കമ്മീഷൻ ചെയർമാൻ വല്ലഭ് കതിരിയ അറിയിച്ചു. 2019  ഫെബ്രുവരിയിലാണ് പശുക്കളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കമ്മീഷൻ സ്ഥാപിക്കുന്നത്.'രാഷ്ട്രീയ കാമധേനു ആയോഗ്' കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ മാടുകളുടെ സംരക്ഷണമാണ് ഉദ്ദേശിക്കുന്നത്. 

"ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സങ്കലനത്തിലൂടെ പശുവിനെ സാമൂഹിക പരിഷ്കരണത്തിനുള്ള ഒരു ഉപാധിയാക്കി മാറ്റാനാണ് കമ്മീഷൻ  ഉദ്ദേശിക്കുന്നത്.." അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജമീന്ദാർ കുടുംബത്തിൽ ജനിച്ച വല്ലഭ് കതിരിയ ഒരു കാർഡിയാക് സർജനാണ്. ആർഎസ്എസിൽ പ്രധാനസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കതിരിയ മുൻകാലങ്ങളിൽ ഗുജറാത്തിലെ ഗോ സേവാ ആയോഗിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഗോരക്ഷകർ പശുക്കളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും, ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒറ്റപ്പെട്ട ചില ആൾക്കൂട്ട ഹത്യകൾ നടന്നത് അനധികൃതമായി പശുക്കളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായ, ഉയർന്ന പാലുത്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചു കൊണ്ടുവരാനും പദ്ധതിയുണ്ട്.  ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ജൈവവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗത്തിലൂടെ കൃഷിയുടെ ചെലവ് വലിയ തോതിൽ കുറയ്ക്കാനാകുമെന്നും  കതിരിയ പറഞ്ഞു. പശുവിൽ നിന്നും ഉത്പാദിപ്പിക്കുന്ന പഞ്ചഗവ്യത്തിന്റെ സവിശേഷ ഗുണങ്ങളെപ്പറ്റിയും 'ഇന്ത്യസ്‌പെൻഡി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം  വിശദീകരിക്കുകയുണ്ടായി. 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പശുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള അക്രമസംഭവങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2012 മുതൽ പശുക്കളുടെ ബന്ധപ്പെട്ട 133  അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 50  ലധികം പേർക്ക് ജീവൻ നഷ്ടമായി. 290  പേർക്ക് മർദ്ദനങ്ങളിൽ ഗുരുതരമായ പരിക്കുകളേറ്റു. 2014 നു ശേഷമാണ് ഇതിൽ 98  ശതമാനം അക്രമങ്ങളും നടന്നിട്ടുള്ളത്. 


 

വിവിധ സംസ്ഥാനങ്ങളിൽ പല തരത്തിലുള്ള നിയമങ്ങളാണ് ഗോഹത്യയുമായി ബന്ധപ്പെട്ടുകൊണ്ട് ഇപ്പോൾ നിലവിലുള്ളത്. കേന്ദ്രം ഈ നിയമങ്ങളെ എല്ലാം തന്നെ പുനഃപരിശോധിച്ച് അഖിലേന്ത്യാ തലത്തിൽ പശുക്കളുടെ കശാപ്പ് തടയാൻ സഹായകമായ ഒരു നിയമം തന്നെ വേണമെങ്കിൽ കൊണ്ടുവരും. 2017 -ൽ ദേശീയതലത്തിൽ ഒരു ഗോവധ നിരോധനം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു എങ്കിലും, കേരളം, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, സിക്കിം, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിൽ പശുക്കൾ ഇപ്പോഴും കശാപ്പിന് വിധേയമാക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ ത്വരിതഗതിയിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.ദേശീയ പശു കമ്മീഷൻ ചെയർമാന്റെ ഈ പ്രസ്താവന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന ബീഫ് ബാനിന്റെ സൂചനയാണോ എന്ന ആശങ്കകൾ ബലപ്പെടുകയാണ്.