വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും. തെലുഗിലും ഇംഗ്ലീഷിലും ഈ സന്ദേശം വ്യക്തമായി എഴുതിയിട്ടുണ്ട്. തെലങ്കാനയിലെ സൈബരബാദിലുള്ള ഹൌസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്

ജാതിയുടേയും മതത്തിന്‍റേയും പേരില്‍ ആളുകളെ മാറ്റി നിര്‍ത്തുന്ന കാഴ്ചകള്‍ (Discrimination) ഇന്ന് പതിവാണ്. എന്നാല്‍ ഹൈദരബാദില്‍ (Hyderabad) ചെയ്യുന്ന ജോലിയുടെ പേരില്‍ ഒരു കൂട്ടം സാധാരണക്കാരെ മാറ്റി നിര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. ഹൈദരബാദിലെ ഒരു ഹൌസിംഗ് സൊസൈറ്റിയാണ് (Housing Society) അവരുടെ തെറ്റായ നിലപാടിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. ഹൌസിംഗ് സൊസൈറ്റിയിലെ വീട്ടുജോലിക്കാരും, ഡ്രൈവര്‍മാരും, സൊസൈറ്റിയിലെ വീടുകളിലേക്ക് എത്തുന്ന ഡെലിവെറി ജീവനക്കാരുമാണ് ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നത്.

തെലങ്കാനയിലെ സൈബരബാദിലുള്ള ഹൌസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിന് മുന്‍പില്‍ ഇങ്ങനെയാണ് നോട്ടീസ് എഴുതുവച്ചിരിക്കുന്നത്. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഡെലിവറി ജീവനക്കാര്‍ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചാല്‍ 300 രൂപ വീതം പിഴ ഈടാക്കും. തെലുഗിലും ഇംഗ്ലീഷിലും ഈ സന്ദേശം വ്യക്തമായി എഴുതിയിട്ടുണ്ട്. വിവേചനപരമായ ഈ നോട്ടീസിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രണ്ടായി തിരിഞ്ഞ് പോരിലാണ് നെറ്റിസണ്‍സുള്ളത്. കൊവിഡ് പോലുള്ള മഹാമാരിക്കാലത്ത് എല്ലാ ഹൌസിംഗ് സൊസൈറ്റികളും സമാന നിലപാട് സ്വീകരിക്കണമെന്ന് ചിലര്‍ പറയുമ്പോള്‍ തൊഴില്‍പരമായ വിവേചനമാണ് നടക്കുന്നതെന്ന് മറുപക്ഷം വ്യക്തമാക്കുന്നു.

വീട്ടുജോലിക്കാര്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് ഇല്ലാത്ത വിവേചനമാണ് ജോലിക്കാര്‍ക്ക് നേരിടേണ്ടി വരുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. വീടിന് വെളിയിലുള്ള ജോലികള്‍ വീട്ടുകാര്‍ക്ക് വേണ്ടി ചെയ്യുന്ന വീട്ടുജോലിക്കാരെ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്നും ചോദിക്കുന്നുണ്ട് മറ്റ് ചിലര്‍. ഇത്തരത്തിലുള്ള നോട്ടീസ് ആദ്യമായല്ല കാണുന്നതെന്നും അതിനാല്‍ ആശ്ചര്യം തോന്നുന്നില്ലെന്നുമാണ് മറ്റ് ചിലര്‍ പ്രതികരിക്കുന്നത്.

Scroll to load tweet…

മെയിന്‍ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നവര്‍ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ലിഫ്റ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും അതുവഴി അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നുമാണ് നോട്ടീസിനെ പിന്തുണയ്ക്കുന്നവരില്‍ ഏറിയ പങ്കും അവകാശപ്പെടുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള വിവേചനം ഇന്ത്യയില്‍ ചര്‍ച്ചയാവുന്നത്. ഉദയ്പൂരിലുള്ള ഒരു മാളില്‍ സൊമാറ്റോ, സ്വിഗ്ഗി ജീവനക്കാര്‍ക്ക് ലിഫ്റ്റ് ഉപയോഗിക്കുന്നതിന് വിലക്ക് വന്നത് വലിയ വിവാദമായിരുന്നു. 

Scroll to load tweet…