ദില്ലി: അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജസിറ്ററിന് (എൻആർസി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെ എതിര്‍പ്പുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വ പട്ടിക മതത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ബംഗാളില്‍ നടപ്പാക്കില്ലെന്നും മമത വ്യക്തമാക്കി. അസമിലെ പൗരത്വ പട്ടികയില്‍നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്നും മമത ആവശ്യപ്പെട്ടു.

ഇവിടെ കുറച്ച് പേര്‍ പൗരത്വ പട്ടികയുടെ പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വളരെ വ്യക്തമായി ഞാന്‍ ഇക്കാര്യം വ്യക്തമാക്കുകയാണ്. എന്തൊക്കെ സംഭവിച്ചാലും ബംഗാളില്‍ പൗരത്വ രജിസ്ട്രേഷന്‍ നടപ്പാക്കില്ലെന്ന് മമത മുന്നറിയിപ്പ് നല്‍കി. 

മതവിശ്വാസത്തിന്‍റെ പേരില്‍ പൗരന്മാരെ വേര്‍തിരിക്കാന്‍ അനുവദിക്കില്ല. പൗരന്മാരെ അഭയാര്‍ഥികളാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ പൗരത്വ രജിസ്ട്രേഷനെ ഏത് മതത്തില്‍ വിശ്വസിക്കുന്നവരാണെങ്കിലും ഭയപ്പെടേണ്ടതില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എല്ലാവരെയും പൗരത്വപ ട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. 

രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് അസമിൽ എൻആർസി വീണ്ടും നടത്തുമെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ അറിയിച്ചു. 19 ലക്ഷത്തോളം പേരാണ് അസമിൽ എൻആർസി പട്ടികയ്ക്ക് പുറത്തായത്. എൻആർസിയിൽ പട്ടികയിൽ പെടാത്തവർക്ക് കോടതിയെയും ട്രൈബ്യൂണലിനെയും സമീപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുതായി അമിത് ഷാ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. അസം പൗരത്വ പട്ടികയിൽ നിന്ന് 19,06,657 പേർ ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി. അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായെന്നും ബംഗാളി ഹിന്ദുക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അടക്കം ആക്ഷേപമുയ‍‌‌ർന്നിരുന്നു.