ലഖ്‌നൗ: അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന വിവാദത്തില്‍. ഒരു യോഗി എന്ന നിലയിലും ഹിന്ദു എന്ന നിലയിലും പള്ളി നിര്‍മ്മാണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗി വ്യക്തമാക്കിയത്.

യോഗിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പ്രസ്താവന പിന്‍വലിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങളോട് യോഗി മാപ്പ് പറയണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചില്ല. യോഗി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും ഹിന്ദുക്കളുടേത് മാത്രമല്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന പദവിക്ക് യോജിച്ചതല്ലെന്നും എസ് പി വക്താവ് പവന്‍ പാണ്ഡെ പറഞ്ഞു.  

ഒരു യോഗിയും ഹിന്ദുവുമായ തനിക്ക് തന്റെ വിശ്വാസമനുസരിച്ച് ആരാധിക്കാനും ജീവിക്കാനും അവകാശമുണ്ടെന്നും പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ വാദിയോ പ്രതിയോ അല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പള്ളി നിര്‍മാണത്തിന്റെ ക്ഷണപത്രം തനിക്ക് ലഭിക്കില്ലെന്നുറപ്പാണ്. തന്നെയുമല്ല ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നുമില്ലെന്നും യോഗി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.