Asianet News MalayalamAsianet News Malayalam

'ഇനി ഒറ്റയ്‍ക്കെ'ന്ന് മായാവതി, അഖിലേഷിന് വിമർശനം: ഉത്തർപ്രദേശിൽ ഇനിയില്ല മഹാസഖ്യം

'അഖിലേഷ് യാദവിന്‍റെ നിലപാട് കാണുമ്പോൾ, ഒന്നിച്ചു നിന്നാൽ ബിജെപിയെ എതിരിട്ട് തോൽപിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്', എന്ന് മായാവതി. 

will not be able to defeat bjp if we are together says mayawati
Author
Lucknow, First Published Jun 24, 2019, 2:55 PM IST

ലഖ്‍നൗ: ഒടുവിൽ ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് പരിസമാപ്തി. യാദവ - ദളിത് വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപിക്ക് കനത്ത പ്രഹരമേൽപിക്കുമെന്ന് കരുതപ്പെട്ടിരുന്ന മഹാസഖ്യം വേർപിരിഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ ഒറ്റയ്ക്ക് നേരിടുമെന്ന് മായാവതി ട്വീറ്റ് ചെയ്തു. 

''ഒരിക്കൽ ഉണ്ടായിരുന്ന എല്ലാ ഭിന്നതകളെയും മറന്നാണ് ഞങ്ങൾ കൈകോർത്തത്. ദളിത് വിരുദ്ധ, ബിഎസ്‍പി വിരുദ്ധ തീരുമാനങ്ങൾ കൈക്കൊണ്ട എസ്‍പിയുമായുള്ള ഭിന്നത തൽക്കാലം ഞങ്ങൾ മറന്നു. 'പക്ഷേ, അഖിലേഷ് യാദവിന്‍റെ നിലപാട് കാണുമ്പോൾ, ഒന്നിച്ചു നിന്നാൽ ബിജെപിയെ എതിരിട്ട് തോൽപിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്', എന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്നതാണ്. 'ബുവാ - ഭതീജ സഖ്യ'മെന്ന് എല്ലാ തെരഞ്ഞെടുപ്പ് റാലികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സഖ്യത്തെ പരിഹസിക്കുകയും, ശക്തമായി ആഞ്ഞടിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ റാലികളിൽ കോൺഗ്രസിനെ പലപ്പോഴും വളരെക്കുറച്ച് മാത്രം പരാമർശിച്ച മോദി, മഹാസഖ്യത്തിനെതിരെയാണ് ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, 2014-ലെ സീറ്റുകളിൽ നിന്ന് ബിജെപി പുറകോട്ട് പോയെങ്കിലും വൻ വിജയം തന്നെയാണ് നേടിയത്. ബിജെപിയെ കഴിഞ്ഞ തവണ പിന്തുണച്ച വോട്ടുബാങ്കിൽ കാര്യമായ ചലനമുണ്ടാക്കാൻ മഹാസഖ്യത്തിന് കഴിഞ്ഞില്ല. ബദ്ധവൈരികളായ ഇരുവരും കൈകോർത്തത്, ഇരുവരുടെയും തന്നെ അണികളെ പ്രകോപിപ്പിച്ചോ എന്ന ചോദ്യവുമുയർന്നു. 

തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് യുപി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിനായിരുന്നു. അഖിലേഷിന്‍റെ ഭാര്യ ഡിംപിൾ യാദവും, ബന്ധുക്കളായ അക്ഷയ് യാദവും ധർമേന്ദ്ര യാദവും തോറ്റു. 2014-ൽ ഒറ്റ സീറ്റ് പോലും നേടാതെ നാണം കെട്ട് തോറ്റ ബിഎസ്‍പിക്ക് ഇത്തവണ 10 സീറ്റ് കിട്ടി. എസ്‍പിക്കാകട്ടെ, കഴിഞ്ഞ തവണ കിട്ടിയ അതേ സീറ്റുകൾ തന്നെയേ ഇത്തവണയും കിട്ടിയുള്ളൂ - അഞ്ചെണ്ണം. 

എന്നാൽ സഖ്യത്തിന്‍റെ തോൽവിക്ക് ശേഷവും അഖിലേഷ് യാദവ് പറഞ്ഞത് സഖ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ്. മായാവതിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാൻ പിന്തുണയ്ക്കാമെന്നായിരുന്നു അഖിലേഷുമായുള്ള ബിഎസ്‍പിയുടെ ധാരണ. ഇതിന് പകരമായി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിനെ മായാവതി സഹായിക്കുമെന്നും ധാരണയുണ്ടായിരുന്നു. എന്നാൽ ഫലം ഇവരുടെ പ്രതീക്ഷകളെല്ലാം അട്ടിമറിച്ചതിനാൽ, സഖ്യധാരണയുടെ കാര്യത്തിലും ഉലച്ചിൽ തട്ടി.

ഇതിനിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുലായം സിംഗ് യാദവിനെ വീട്ടിലെത്തി കണ്ടത് പല അഭ്യൂഹങ്ങൾക്കും വഴി വയ്ക്കുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയാണ് ഇപ്പോൾ മായാവതി പരസ്യമായി പ്രകടമാക്കിയിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ച എംഎൽഎമാരുടെ 11 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 9 എണ്ണം ബിജെപിയുടെയും രണ്ടെണ്ണം ബിഎസ്‍പിയുടെയും സിറ്റിംഗ് സീറ്റുകളാണ്. 

Follow Us:
Download App:
  • android
  • ios