മത്സരം ഒഴിവാക്കാൻ പുതിയ നേതൃത്വത്തിന്‍റെ നീക്കം.പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നില്ക്കുന്ന നേതാക്കൾ നേതൃത്വത്തിന് കത്ത് നല്‍കും. 

ദില്ലി:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാൻ പുതിയ നേതൃത്വത്തിന്‍റെ നീക്കം. സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൂടെയുള്ളവർക്ക് സൂചന നല്കി. പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നില്ക്കുന്ന നേതാക്കൾ നേതൃത്വത്തിന് കത്ത് നല്‍കും.

അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ വേണം കണ്ടെത്താൻ. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവ‍ർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ് മല്ലികാർജ്ജുന ഖർ‍ഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.

മത്സരം നടന്നാൽ പാർട്ടിയിലത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും എന്നാണ് വാദം. എന്നാൽ നേതൃത്വത്തോട് അടുപ്പമുള്ളവരെ നിലനിറുത്താനാണ് നീക്കം എന്നാണ് സൂചന. അധ്യക്ഷൻ തെക്കെ ഇന്ത്യയില്‍ നിന്നായതിനാല്‍ പ്രവർത്തക സമതിയിലേക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് കുടുതല്‍ പരിഗണന കിട്ടും. ശശി തരൂരിനെ പതിനൊന്ന് നോമിനേറ്റഡ് അംഗങ്ങളിലൊരാളായി ഉൾപ്പെടുത്തണം എന്നാണ് കൂടെയുള്ളവരുടെ ആവശ്യം. 1072 വോട്ട് കിട്ടിയ തരൂർ ഇനി വീണ്ടും മത്സരിച്ച് അംഗമാകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്തു നല്കും. രമേശ് ചെന്നിത്തല, കെ മുരളീധരൻ, കൊടിക്കുന്നില്‍ സുരേഷ്, തുടങ്ങിയ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തക്കാരെ തിരുകി കേറ്റുന്നു എങ്കിൽ മത്സരം ആവശ്യപ്പെടാനാണ് ജി 23 നേതാക്കളുടെയും നീക്കം.