കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. ഇന്ന്  ഉച്ചയോടെ ബംഗാളില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ഒരുക്കി സ്ഥിതി ഗതികള്‍ വിലയിരുത്തി വരികയാണ്. 

ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ബംഗാളിലെ ഏഴ് ജില്ലകളില്‍ നിന്നായി മൂന്ന് ലക്ഷം പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്. ഇന്ന് മെയ് 20ന് മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമിലുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഉംപുണ്‍. ചുഴലിക്കാറ്റ് ബംഗാളിലെത്തുന്നതോടെ  മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രകൃതി ശാന്തമാകുന്നതുവരെ ആരും തിരിച്ച് തീരങ്ങള്‍ക്ക് സമീപമുള്ള വീടുകളിലേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബറില്‍ ബംഗാളില്‍ ആഞ്ഞടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഴിപ്പിച്ചതിന്‍റെ മൂന്നിരട്ടിയാളുകളെ ഉംപുണിന്‍റെ മുന്നോടിയായി ഒഴിപ്പിച്ചു. കൊവിഡ് വ്യാപന സമയത്തുള്ള മാറ്റിപ്പാര്‍പ്പിക്കല്‍ സംസ്ഥാനത്തിന് കടുത്ത വെല്ലുവിളിയാവുകയാണ്. ഒരേ സമയം സാമൂഹിക അകലവും പ്രകൃതിക്ഷോഭത്തില്‍നിന്നുള്ള സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. 

''അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്നത് മോശം കാലാവസ്ഥയിലേക്കാണെന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു. ചുഴലിക്കാറ്റ് കാരണം ട്രെയിനുകള്‍ വ്യാഴാഴ്ച വരെ ബംഗാളിലേക്ക് എത്തില്ല'' - മമത ബാനര്‍ജി പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. 

ബംഗാളിന് പുറമെ ഒഡീഷ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഒഡിഷയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടമേഖലയിലെ 12 ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ഒഡിഷ. ചുഴലിക്കാറ്റിനെ നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 10 സംഘങ്ങളെ ഒഡിഷയിലും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലും വിന്യസിച്ചിട്ടുണ്ട്. 

ഉംപുണിന്‍റെ സഞ്ചാരദിശയില്‍ കേരളം വരുന്നില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരാൻ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കൻ ജില്ലകളിൽ ഉൾപ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലർട്ട് ആണ്. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രാവിലെ മഴ തുടരുകയാണ്. 

അതേസമയം, ഉംപുണിന്‍റെ ഫലമായി തമിഴ്‌നാട്ടില്‍ ഉഷ്‌ണതരംഗം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പടെ തമിഴ്നാടിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ ആന്ധ്രയിലും ഉഷ്‌ണതരംഗം ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. സാധാരണയിലും ചൂട് കൂടുന്നതോടെ ചെന്നൈയില്‍ താപനില 43 ഡിഗ്രി വരെയെത്തും എന്നാണ് നിഗമനം.