തൃണമുൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നുവെന്ന് അമിത്ഷാ.

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നുവെന്ന് അമിത്ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി പശ്ചിമ ബംഗാളിലെത്തിയതാണ് അമിത് ഷാ. ഒരു എംപി, ഒരു മുൻ എംപി, ഒമ്പത് എംഎൽഎമാർ എന്നിവർ ബിജെപിയിൽ ചേർന്നുവെന്നും മിഡ്നാപൂരിലെ റാലിയിൽ അദ്ദേഹം അവകാശപ്പെട്ടു

ബംഗാളിൽ 200 സീറ്റിൽ കൂടുതൽ ബിജെപി നേടും. തൃണമൂൽ ഗുണ്ടായിസത്തെ ബിജെപി ഭയക്കുന്നില്ല. ജനങ്ങളുടെ ഭാവി വെച്ചാണ് മമത രാഷ്ട്രീയം കളിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾ ചവിട്ടിയരച്ചു. പ്രധാനമന്ത്രി നൽകിയ പണം മമത സർക്കാർ പോക്കറ്റിലാക്കി. ഇത്തവണ ബിജെപിക്ക് അവസരം നൽകണമെന്നും അമിത്ഷാ റാലിയിൽ ആവശ്യപ്പെട്ടു.

അതേസമയം സിപിഎം സീറ്റിൽ വിജയിച്ച എംഎൽഎ തപസ്വി മണ്ഡലും തൃണമൂൽ എംൽഎ സുവേന്ദു അധികാരിയും രണ്ട് കോൺഗ്രസ് എംഎൽഎമാരും. ഒരു ഫോർവാഡ് ബ്ലോക്ക് എംഎൽഎയും മിഡ്നാപുർ റാലിയിൽ ബിജെപിയിൽ ചേർന്നു. 

തൃണമൂൽ എംഎൽഎമാരിൽ ഇന്നലെ വരെ മൂന്നുപേരാണ് രാജി നിൽകിയത്. കഴിഞ്ഞ ദിവസം മുൻ മന്ത്രി സുവേന്ദു അധികാരിയെങ്കിൽ ഇന്നലെ മുതിര്‍ന്ന നേതാവ് സിൽഭദ്ര ദത്ത. അങ്ങനെ ബംഗാളിൽ ബിജെപി പിടിമുറുക്കുമ്പോൾ തൃണമൂൽ നേതാക്കളും എംഎൽഎമാരും ഓരോരുത്തരായി പാർട്ടി വിടുകയാണ്. 

ന്യൂനപക്ഷ സെൽ ജന. സെക്രട്ടറി കബീറുൾ ഇസ്ലാമും കൂടി കഴിഞ്ഞ ദിവസം രാജി നൽകിയിരുന്നു. 
ഇതിൽ സുവേന്ദു അധികാരിയുടെ രാജി സ്പീക്കര്‍ തള്ളിയിരുന്നു. 21ന് നേരിട്ട ഹാജരാകാനാണ് നിര്‍ദ്ദേശം. അതിനിടെ പത്തിലധികം എംഎൽഎമാര്‍ തൃണമൂൽ വിടുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹന വ്യൂഹനത്തിന് നേരെ കഴിഞ്ഞ ആഴ്ച ആക്രമണം കല്ലേറ് നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത്ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ബംഗാൾ ചീഫ് സെക്രട്ടറിയെയും ഡിജെപിയെയും ആഭ്യന്തര മന്ത്രാലയം വീണ്ടും ദില്ലി വിളിച്ചത്. നേരിട്ടെത്തണമെന്ന ആവശ്യം തള്ളിയ ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചു.

ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് മമത സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം നാളെയും മറ്റന്നാളും ബംഗാളിൽ തുടരുന്ന അമിത്ഷായുടെ സുരക്ഷ ചുമതല പൂര്‍ണമായി കേന്ദ്ര സേനയുടെ നിയന്ത്രണത്തിലാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. അതിനിടെ വിവിധ സംഭവങ്ങളിലായി ബിജെപി നേതാക്കൾക്കെതിരെ പശ്ചിമബംഗാൾ പൊലീസ് രജിസ്റ്റര്‍ കേസുകളിലെ തുടര്‍ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു.