മുംബൈ: ബിജെപിക്കെതിരെ തുറന്ന ആക്രമണവുമായി ശിവസേന രംഗത്ത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം പരാമര്‍ശിച്ചാണ് ശിവസേന കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ ശിവസേന രൂക്ഷമായി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്പോള്‍ ഇത്തരത്തിലാണ് കാര്യങ്ങള്‍ എങ്കില്‍ അധികം സമയമെടുക്കാതെ നമ്മുടെ രാജ്യത്തില്‍ നിന്നും സോവിയറ്റ് യൂണിയനില്‍ എന്ന പോലെ സംസ്ഥാനങ്ങള്‍ വിട്ടുപോകും എന്ന് എഡിറ്റോറിയല്‍ പറയുന്നു. 

സുപ്രീംകോടതിയെയും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്. പലകാര്യങ്ങളിലും ഇടപെടാന്‍ സുപ്രീംകോടതി മറന്നുപോകുന്നു എന്നാണ് മുഖ്യപ്രസംഗം കുറ്റപ്പെടുത്തുന്നത്. രാഷ്ട്രീയനേട്ടത്തിനായി ജനങ്ങളെ അപയാപ്പെടുത്തുകയാണ് എന്ന കാര്യം കേന്ദ്രസര്‍ക്കാറിന് മനസിലാകുന്നില്ല. 2020 വര്‍ഷം പരിശോധിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിന്‍റെ പ്രാക്തിയും, വിശ്വസ്തതയും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.

അതേസമയം മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനയും മുഖപ്രസംഗത്തില്‍ വിഷയമാകുന്നു. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ എന്തിനാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു. 

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളും ദേശീയ താല്‍പ്പര്യത്തോടൊപ്പം നില്‍ക്കും. എന്നാല്‍ ആ രീതിയെയും കൊലചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ രീതി. ബംഗാളില്‍ മമത സര്‍ക്കാറിനെ അട്ടിമറിക്കാനും നീക്കം നടക്കുന്നു എന്ന് ശിവസേന മുഖപത്രത്തിലെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.