കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചുതീർത്ത ശേഷം ഏജന്റ് വീണ്ടും വെള്ളം ആവശ്യപ്പെട്ടു. വെള്ളം നൽകി. എന്നാൽ, അഞ്ചുമിനിറ്റ് വീട്ടിനുള്ളിൽ കയറി ഇരിക്കട്ട എന്നായിരുന്നു ഇയാളുടെ അടുത്തചോദ്യം. പക്ഷേ, താൻ ഇതിനെ എതിർത്തു
ന്യൂഡൽഹി: വീട്ടിലെത്തിയ ഡെലിവറി ഏജന്റ് നിരന്തരം ശല്യംചെയ്തതായി യുവതിയുടെ ആരോപണം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് സെപ്റ്റോ ഡെലിവറി ഏജന്റിൽനിന്നുണ്ടായ ദുരനുഭവം യുവതി വെളിപ്പെടുത്തിയത്. വീട്ടിലെത്തിയ ഡെലിവറി ഏജന്റ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ പലവട്ടം ചോദിച്ചെന്നും അസ്വാഭാവികമായരീതിയിൽ പെരുമാറിയെന്നുമാണ് യുവതിയുടെ ആരോപണം.
സാധനം നൽകാനായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ് ആദ്യം കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് ഒരുകുപ്പി വെള്ളം നൽകി. കുപ്പിവെള്ളം എടുത്തോളൂ എന്നും പറഞ്ഞു. എന്നാൽ, കുപ്പിയിലെ വെള്ളം മുഴുവൻ കുടിച്ചുതീർത്ത ശേഷം ഏജന്റ് വീണ്ടും വെള്ളം ആവശ്യപ്പെട്ടു. വെള്ളം നൽകി. എന്നാൽ, അഞ്ചുമിനിറ്റ് വീട്ടിനുള്ളിൽ കയറി ഇരിക്കട്ട എന്നായിരുന്നു ഇയാളുടെ അടുത്തചോദ്യം. പക്ഷേ, താൻ ഇതിനെ എതിർത്തു. ഇരിക്കാനാണെങ്കിൽ വീടിന് പുറത്ത് സൗകര്യമുണ്ടെന്നും അവിടെ വിശ്രമിക്കാമെന്നും പറഞ്ഞു. പക്ഷേ, ഡെലിവറി ഏജന്റ് വീട്ടിനുള്ളിൽ കടക്കട്ടെയെന്ന് നിരന്തരം ആവശ്യപ്പെടുകയാണുണ്ടായതെന്നും യുവതി ആരോപിക്കുന്നു.
വീട്ടിനുള്ളിൽ പ്രവേശിക്കാനാകില്ലെന്ന് തീർത്തുപറഞ്ഞ യുവതി ഇതിനിടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ഇതിനുപിന്നാലെ ഡെലിവറി ഏജന്റായ യുവാവ് നിരന്തരം ഡോർബെല്ലടിച്ച് ശല്യംചെയ്തെന്നും ഗേറ്റിൽ അടിച്ച് ബഹളമുണ്ടാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ഭയന്നുപോയ താൻ വാതിലടച്ച് വീട്ടിലിരിക്കുകയാണുണ്ടായതെന്നും യുവതി പറഞ്ഞു.
ഏതാനും മിനിറ്റുകൾ വീട്ടിൽ കയറിയിരുന്നാൽ മതിയെന്നാണ് ഇയാൾ നിരന്തരം ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ സെപ്റ്റോ ആപ്പിൽ പരാതി അറിയിച്ചെങ്കിലും ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെയുള്ള മറുപടി മാത്രമാണ് ലഭിച്ചതെന്നും അന്വേഷണം നടത്തുകയാണെന്നുമാണ് പ്രതികരണം കിട്ടിയതെന്നും യുവതി പറഞ്ഞു.
അതേസമയം, യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഡെലിവറി ഏജന്റുമാരെ നിയമിക്കുന്നതിൽ കമ്പനികൾ സൂക്ഷ്മത പാലിക്കണമെന്നും ഇവരെ നിയമിക്കുന്നതിന് മുൻപ് കർശനമായ സ്ക്രീനിംഗ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.


