താൻ ഭയപ്പെട്ടു എന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ ശരിക്കും ഭയപ്പെട്ടതിന്റെ തെളിവാണ് ഈ തിടുക്കപ്പെട്ടുള്ള നടപടി. സർക്കാരിന്റെ ഈ നടപടിയെ നിയമപരമായി നേരിടും. വിഷയത്തിൽ ശക്തമായ സമരവുമായി സിപിഎം മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻചിറ്റ് നൽകിയതിനെതിരേ സിപിഎം. പുനർജനി കേസിൽ അസാധാരണ പ്രഖ്യാപനമാണ് നടന്നതെന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നേടിയിരിക്കുകയാണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇത്തരം ഒരു മുൻചരിത്രം ഇല്ലെന്നും ഇത് അധികാര ദുർവിനിയോ​ഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന നി​ഗമനത്തിലിരിക്കെയാണ് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇത് കേരള വിജിലൻസിന്റെ പരിശോധനയ്ക്കുള്ളിൽ മാത്രം നിൽക്കുന്ന കേസ് അല്ല. താൻ ഭയപ്പെട്ടു എന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ ശരിക്കും ഭയപ്പെട്ടതിന്റെ തെളിവാണ് ഈ തിടുക്കപ്പെട്ടുള്ള നടപടി. സർക്കാരിന്റെ ഈ നടപടിയെ നിയമപരമായി നേരിടും. വിഷയത്തിൽ ശക്തമായ സമരവുമായി സിപിഎം മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനർജനി പദ്ധതിയിലൂടെ വീട് നിർമിച്ചുനൽകുന്നതിൽ ക്രമക്കേട് നടന്നതായാണ് പരാതിയുണ്ടായിരുന്നത്. തുടർന്ന് കഴിഞ്ഞ പിണറായി സർക്കാർ പുനർജനി കേസിൽ വി.ഡി. സതീശനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ, വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശനെതിരേ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞക്. തെളിവുകളൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ വി.ഡി. സതീശനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനെതിരായ കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.