വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്ന് ഹൈദരാബാദിൽ പാകിസ്ഥാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം, വിശ്വാസവഞ്ചന എന്നിവയ്ക്ക് ഫഹദിനെതിരെ കർശന നടപടി വേണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. 

ഹൈദരാബാദ്: വിവാഹേതര ബന്ധം പുറത്തായതിനെ തുടർന്ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ മൗണ്ട് ബഞ്ചാര കോളനിയിൽ പാകിസ്ഥാൻ പൗരനായ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീർത്തി എന്ന യുവതിയെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റി ദോഹ ഫാത്തിമ എന്ന പേര് സ്വീകരിക്കാൻ ആവശ്യപ്പെട്ട ശേഷമാണ് 2016-ൽ ഇയാൾ വിവാഹം ചെയ്തത്. 

ഇരുവരും ഹൈദരാബാദിൽ ഒരുമിച്ച് താമസിക്കവെ, അതേ സ്ഥാപനത്തിലെ മറ്റൊരു സ്ത്രീയുമായി ഫഹദിന് ബന്ധമുണ്ടെന്ന് കീർത്തി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചതോടെ ഫഹദിനെയും മറ്റേ സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു. 1998-ൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ ഫഹദ് ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയതായി കീർത്തി അവകാശപ്പെട്ടു.

തന്നോട് വിവരങ്ങൾ വെളിപ്പെടുത്താതെ പാസ്പോർട്ട് പുതുക്കുന്നതിനായി ഇയാൾ പതിവായി കമ്മീഷണറുടെ ഓഫീസിൽ പോകാറുണ്ടായിരുന്നുവെന്നും കീർത്തി ആരോപിച്ചു. നിർബന്ധിത മതപരിവർത്തനം, വിവാഹം, വിശ്വാസവഞ്ചന എന്നിവയ്ക്ക് ഫഹദിനെതിരെ കർശന നടപടി വേണമെന്ന് കീർത്തി ആവശ്യപ്പെട്ടു.

കേരളത്തിലും സമാന സംഭവം: അധ്യാപിക ആത്മഹത്യ ചെയ്തു

കഴിഞ്ഞ ആഴ്ച കേരളത്തിൽ നടന്ന മറ്റൊരു സമാന സംഭവത്തിൽ, എറണാകുളം കോതമംഗലം സ്വദേശിനിയും 23 വയസുള്ള ടീച്ചർ ട്രെയിനിംഗ് വിദ്യാർത്ഥിനിയുമായ സോന എൽദോസ് ആത്മഹത്യ ചെയ്തിരുന്നു. തൻ്റെ കാമുകനായ റമീസ് തന്നെ ഉപദ്രവിക്കുകയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതംമാറ്റാൻ ശ്രമിച്ചതായും സോന ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. സംഭവത്തെ തുടർന്ന് റമീസിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.