അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയുടെ മേൽ മഷിയെറിയുകയായിരുന്നു...

ദില്ലി: രാജസ്ഥാൻ മന്ത്രിയുടെ മകനെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച 23കാരിക്കെതിരെ ആക്രമണം. ശനിയാഴ്ച ദില്ലിയിലെ റോഡിൽ വെച്ച് മഷി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ദക്ഷിണ ദില്ലിയിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അമ്മയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു യുവതി. രണ്ട് പുരുഷന്മാരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. കാളിന്ദി കുഞ്ച് റോഡിന് സമീപത്ത് വെച്ച് ഇവർ യുവതിക്ക് നേരെ നീല നിറത്തിലുള്ള ദ്രാവകം എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയെ എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയി വിശദമായി പരിശോധിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെയാണ് യുവതി ബലാത്സം​ഗ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ദില്ലിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും മന്ത്രിയുടെ മകൻ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘത്തെ ജയ്പൂരിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രിയുടെ മകനെ വീട്ടിൽ കണ്ടെത്താനായില്ല. രോഹിത് ജോഷി ഇന്നലെ ദില്ലി പൊലീസ് സംഘത്തിന് മുന്നിൽ ഹാജരായി. ദില്ലിയിലെ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് രോഹിത് ജോഷി പൊലീസിന് മുന്നിൽ ഹാജരായത്.

കഴിഞ്ഞ വർഷം ജനുവരി എട്ടിനും ഈ വർഷം ഏപ്രിൽ 17നും ഇടയിൽ മന്ത്രിയുടെ മകൻ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമാണ് രോഹിത് ജോഷിയുമായി ഫെയ്‌സ്ബുക്കിൽ സൗഹൃദം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. രോഹിത് ജോഷി തന്നെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയിൽ ചെയ്തതായും അവർ ആരോപിച്ചു. അതേസമയം രോഹിത്തിന്റെ പിതാവും മന്ത്രിയുമായ മഹേഷ് ജോഷിക്കെതിരെ ഒരു നടപടിയും ഉണ്ടാകാനുള്ള സാധ്യത.യില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. മന്ത്രിക്കെതിരെ ആരോപണം ഇല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.