ഗാസിയാബാദിൽ യുവ വനിതാ സബ് ഇൻസ്പെക്ടർ അപകടത്തിൽ മരിച്ചു

ഗാസിയാബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബുള്ളറ്റിൽ മടങ്ങും വഴി 25കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ അപകടത്തിൽ കൊല്ലപ്പെട്ടു. യുപി പൊലീസ് സബ് ഇൻസ്പെക്ടറായ റിച സചനാണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റിചയും ബൈക്കും മറിഞ്ഞിരുന്നു. പിന്നാലെ വന്ന കാർ റിചയെ ഇടിച്ചതോടെയാണ് മരണം സംഭവിച്ചത്. ഗാസിയാബാദ് കവിനഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ തൻ്റെ വാടക വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം.

Add Asianetnews as a Preferred SourcegooglePreferred

കാറിടിച്ച് റിചയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. ദില്ലി എൻസിആറിലെ തെരുവുകളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റി പുനരധിവസിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഓഗസ്റ്റ് 11 ലെ ഉത്തരവിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം. യുവ വനിതാ സബ് ഇൻസ്പെക്ടറുടെ മരണം തെരുവ് നായ വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമാക്കുകയാണ്.

യുപിയിലെ എസ്ഐ പരീക്ഷ 2023 ൽ പാസായ റിച്ച സചൻ ജോലിയിൽ പ്രവേശിച്ചിട്ട് അധിക കാലമായിട്ടില്ല. കൺപൂർ സ്വദേശിയായ ഇവർ കഠിനാധ്വാനിയായിരുന്നുവെന്ന് പൊലീസുകാർ പറയുന്നു. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാരം നടത്തിയത്.

YouTube video player