പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ബലാത്സംഗം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വിഷയം രാഷ്ട്രീയ വിവാദമാവുകയും ചെയ്തിട്ടുണ്ട്.
സത്താറ: മഹാരാഷ്ട്രയിലെ സത്താറയിൽ പൊലീസ് സബ് ഇൻസ്‌പെക്‌ടറുടെ പീഡനം സഹിക്കാനാവാതെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ വെച്ചാണ് യുവതി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഇടത് കൈവെള്ളയിൽ എഴുതിവെച്ച കുറിപ്പിൽ, തന്നെ തുടർച്ചയായി പീഡിപ്പിക്കുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ യുവതി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫൽട്ടാൻ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്.
'പൊലീസ് ഇൻസ്‌പെക്‌ടർ ഗോപാൽ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി എന്നെ ബലാത്സംഗത്തിനും മാനസിക, ശാരീരിക പീഡനത്തിനും ഇരയാക്കി' എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബൻകറിനെതിരെയും മാനസിക പീഡനത്തിന് യുവതി കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ ഗോപാൽ ബഡ്‌നെ സസ്‌പെൻഷനിലാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദ്ദേശപ്രകാരമാണ് ബഡ്‌നെയെ സസ്‌പെൻഡ് ചെയ്തത്.
ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങൾ മുൻപ് ജൂൺ 19-ന് ഫൽട്ടാനിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡി.എസ്.പി.) ഓഫീസിലേക്ക് അയച്ച കത്തിലും യുവതി പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഫൽട്ടാൻ റൂറൽ പൊലീസ് സ്റ്റേഷനിലെ ബഡ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്‌ടർ പാട്ടീൽ, അസിസ്റ്റൻ്റ് പൊലീസ് ഇൻസ്‌പെക്‌ടർ ലഡ്പുത്രെ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
അതേസമയം, വനിതാ ഡോക്ടറുടെ ആത്മഹത്യരാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് വിജയ് നാംദേവ്റാവു വഡെറ്റിവാർ രംഗത്തെത്തി. 'സംരക്ഷിക്കേണ്ടയാൾ വേട്ടക്കാരനാകുമ്പോൾ! പോലീസ് സംരക്ഷിക്കേണ്ടവരാണ്, എന്നാൽ അവർ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്താൽ എങ്ങനെ നീതി ലഭിക്കും? നേരത്തെ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്?" എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേവലം അന്വേഷണം പോരാ, അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


