ലഖ്നൗ: ഉത്തർപ്രദേശിൽ ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു. ശനിയാഴ്ച്ച രാത്രി ഉത്തർപ്രദേശിലെ അംറോയിലാണ് സംഭവം നടന്നത്. ബലാത്സംഗം ചെറുത്ത ഭർത്താവിന് നേരെ പ്രതികള്‍ വെടിവച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിനൊപ്പം ഡോക്ടറെ കണ്ടതിനുശേഷം ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്നു യുവതി. ദേശീയപാതയിൽ നിന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന വഴിക്ക് സമീപം ആയുധങ്ങളുമായി എത്തിയ നാലുപേർ ഒട്ടോറിക്ഷ തടയുകയായിരുന്നു. തുട‍ർന്ന് ഒട്ടോറിക്ഷ ഡ്രൈവറെ മർ‍ദ്ദിച്ചതിന് ശേഷം യുവതിയെയും ഭർത്താവിനെയും റോഡിലേക്ക് വലിച്ചിറക്കി. തോക്കുചൂണ്ടി ഡ്രൈവറെ മടക്കി അയച്ചു. യുവതിയെയും ഭർത്താവിനെയും വയലിലേക്ക് കൊണ്ടുപോയി. എതിർക്കാൻ ശ്രമിച്ച ഭർത്താവിനെ വെടിവച്ചു.

അവശനായ ഭർത്താവിനെ മരത്തിൽ കെട്ടിയതിന് ശേഷമാണ് യുവതിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികളും യുവതിയുടെ ഭ‍ർത്താവും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.