പട്ന: 'മോഡേണാ'യില്ലെന്ന് പറഞ്ഞ് യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. ബിഹാറിലെ പട്നയിലാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാത്തതിനും മദ്യപിക്കാത്തതിനും യുവതിയെ മൊഴി ചൊല്ലിയത്. 

2015- ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ ദില്ലിയിലേക്ക് താമസം മാറി. എന്നാല്‍ കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നഗരത്തിലെ മറ്റ് മോഡേണ്‍ പെണ്‍കുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കണമെന്നും നിശാപാര്‍ട്ടികളില്‍ പോയി മദ്യപിക്കണമെന്നും ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതോടെ ദിവസവും ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുമായിരുന്നെന്ന് യുവതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

തനിക്ക് നേരെയുള്ള ഉപദ്രവം വര്‍ഷങ്ങളായി തുടരുകയാണെന്നും ഒരു ദിവസം വീടുവിട്ടുപോകാന്‍ ഭര്‍ത്താവ് പറഞ്ഞെന്നും ഇത് അനുസരിക്കാത്തതിന്‍റെ പേരില്‍ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. മൊഴി ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി യുവതി സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് കമ്മിഷന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടീസ് അയച്ചതായി ബിഹാര്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ദില്‍മനി മിശ്ര അറിയിച്ചു.