ഹരിയാനയിലെ ഗുരുഗ്രാമിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി സ്വന്തം ഭർത്താവിനും തനിക്കുമെതിരെ വധഭീഷണി മുഴക്കിയതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഭർത്താവുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്ന് പ്രതി സമ്മതിച്ചു.
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി സ്വന്തം ഭർത്താവിനും തനിക്കുമെതിരെ വധഭീഷണി മുഴക്കിയതിന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത് പൊലീസ്. സോഹ്നയിലെ ദി കോർട്ട്യാർഡിലെ ടവർ ക്യൂവിൽ താമസിക്കുന്ന പ്രിയ മിശ്ര എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഇവർ തന്നെയായിരുന്നു പൊലീസിൽ പരാതിയുമായെത്തിയത്.
നടന്ന സംഭവമിങ്ങനെ..മെയ് 29 ന് തനിക്കും ഭർത്താവിനും വധഭീഷണി ഉണ്ടെന്ന് കാട്ടി യുവതി തന്നെ ഗുരുഗ്രാമിലെ സൈബർ ക്രൈം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു പെൺകുട്ടിയാണ് ഈ അക്കൗണ്ടിന് പിന്നിലെന്നും യുവതിയുടെ പരാതിയിലൂടെ അറിയിച്ചു. പരാതിയെത്തുടർന്ന്, പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് പൊലീസ് രജിസ്റ്റർ ചെയ്യുകയും, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (സൈബർ ക്രൈം) പ്രിയാൻഷു ദിവാന്റെ (എച്ച്പിഎസ്) നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീട്, പരാതിക്കാരി തന്നെയാണ് ഭീഷണികൾക്ക് പിന്നിലെന്ന് ഇൻസ്പെക്ടർ നവീൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി
പിന്നീടുള്ള ചോദ്യം ചെയ്യലിൽ, ഭർത്താവുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിയായ സ്ത്രീ സമ്മതിച്ചു. ഇതിനു ശേഷം ഒരു പെൺകുട്ടിയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം ഐഡി ഉണ്ടാക്കി തനിക്കും ഭർത്താവിനും ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നും, തുടർന്ന് ഭീഷണികൾ യഥാർത്ഥമാണെന്ന് വരുത്തിത്തീർക്കാൻ പൊലീസിൽ വ്യാജ പരാതി നൽകിയെന്നും സമ്മതിക്കുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ സ്ത്രീയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
