ചെന്നൈ: ഓടിക്കൊണ്ടിരുന്ന എസ് യു വി കാറിൽ നിന്നും യുവതിയെ പുറത്തേക്കെറിയുന്ന ഭർത്താവിന്റെ വീഡിയോ പുറത്ത്. മുംബൈ സ്വദേശിയായ ആരതിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കോയമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. റോഡിലേയ്ക്ക് തെറിച്ച് വീണതിനെ തുടർന്ന് കെകാലുകള്‍ക്കും തലയ്ക്കും സാരമായി പരിക്കേറ്റ ആരതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട്  ഭർത്താവ് അരുൺ ജൂഡ് അമൽരാജിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. എന്നാൽ  ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആരതിയുടെ സഹോദരിയുടെ വീട്ടിൽ പോകവേയാണ് സംഭവം നടന്നത്. ഇവർക്കൊപ്പം അരുണിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ വാക്കുത്തർക്കമുണ്ടാകുകയും അരുണ്‍ യുവതിയെ കാറില്‍ നിന്നും ചവിട്ടി പുറത്തേക്കിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികൾ‌ക്കിടയിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് സ്വന്തം വീട്ടിൽ പോയിരുന്ന ആരതിയെയും രണ്ട് കുഞ്ഞുങ്ങളെയും അരുൺ തിരികെ കൊണ്ടുവന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന ഉറപ്പിനെ തുടർന്നാണ് ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി അഞ്ച് വര്‍ഷം മുമ്പ്  കോടതിയെ ഇരുവരും സമീപിച്ചിരുന്നുവെങ്കിലും അത് ഒത്തുതീര്‍പ്പാവുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കോയമ്പത്തൂരിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നയാളാണ് അരുൺ.