വിവാദത്തെ തുടർന്ന് വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ ക്ഷമാപണം നടത്തി.

കൊൽക്കത്ത: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയായി പങ്കുവച്ച വീഡിയോയിൽ മതനിന്ദാ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പുനെയിലെ നിയമ വിദ്യാർത്ഥിനി അറസ്റ്റിൽ. നിമയ വിദ്യാര്‍ത്ഥിനിയായ ശർമ്മിഷ്ഠ പനോലിയെ ആണ് കൊൽക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ശർമ്മിഷ്ഠ പനോലിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കേസെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ പനോലിയും കുടുംബവും ഒളിവിലായിരുന്നതിനാൽ സമൻസ് നോട്ടീസ് കൈമാറാനുള്ള നിരന്തര ശ്രമങ്ങൾ പരാജയപ്പെടുകയും, തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ആയിരുന്നു. ഈ വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേസമയം, വീഡിയ വിവാദമായതോടെ പനോലി സോഷ്യൽ മീഡിയയിൽ നിരുപാധികമായ ക്ഷമാപണം നടത്തി. ഒപ്പം തന്റെ വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. "ഞാൻ നിരുപാധികം ക്ഷമ ചോദിക്കുന്നു. ഞാൻ പങ്കുവെച്ചത് എന്റെ വ്യക്തിപരമായ വികാരങ്ങളായിരുന്നു. ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. ഇനി മുതൽ എന്റെ പൊതു പരാമര്‍ശങ്ങളിൽ, കൂടുതൽ ജാഗ്രത പുലര്‍ത്തു. എന്റെ ക്ഷമാപണം സ്വീകരിക്കുക." എന്നായിരുന്നു അവരുടെ കുറിപ്പ്. പനോലിയെ അറസ്റ്റിന് ശേഷം, ശനിയാഴ്ച കൊൽക്കത്തയിലെ അലിപോർ കോടതിയിൽ ഹാജരാക്കി.

Scroll to load tweet…