രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ സഹോദരന്മാര്‍ക്ക് പരിക്കേറ്റു

വില്ലുപുരം: തമിഴ്നാട്ടില്‍ അമ്മ രണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് തീ കൊളുത്തി മരിച്ചു. മക്കളെ കെട്ടിപ്പിടിച്ച് 38 കാരിയായ സ്ത്രീ തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവും മരിച്ചു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. 

എം ദ്രവിയം, അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കള്‍, ദ്രവിയത്തിന്‍റെ പിതാവ് പൊന്നുരംഗം എന്നിവരാണ് മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ സഹോദരന്മാര്‍ക്ക് പരിക്കേറ്റു. ഇവര്‍ ഉളുന്ദുര്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഭര്‍ത്താവ് മധുരൈ വീരനുമായി അകന്നു കഴിയുകയായിരുന്നു ദ്രവിയം. രണ്ട് വര്‍ഷമായി മക്കളോടൊപ്പം സ്വന്തം വീട്ടിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി മക്കളുമായി ജീവനൊടുക്കിയത്.

ദ്രവിയത്തിന്‍റെ അച്ഛന്‍ പൊന്നുരംഗം (78), മധുരൈ വീരനെ ചര്‍ച്ചയ്ക്കായി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പൊന്നുരംഗവും മക്കളായ വിജയകുമാറും സദാനന്ദവും യുവാവുമായി സംസാരിക്കുകയായിരുന്നു. അതിനിടെ യുവതി വീട്ടില്‍ കയറി വാതില്‍ അടച്ചു. വീട്ടില്‍ നിന്നും അലര്‍ച്ച കേട്ടാണ് എല്ലാവരും ഓടി ഉള്ളിലെത്തിയത്. അപ്പോഴേക്കും യുവതി തീ കൊളുത്തിയിരുന്നു. മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മകളെയും കൊച്ചുമക്കളെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് യുവതിയുടെ അച്ഛന്‍ പൊന്നുരംഗം മരിച്ചത്. യുവതിയുടെ സഹോദരന്മാര്‍ക്ക് പൊള്ളലേറ്റു. തിരുനാവലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വനിതാ ഡോക്ടറെ ക്ലിനിക്കിൽ കയറി കുത്തി യുവാവ്, അക്രമി 5 വർഷം മുൻപ് ജിമ്മിൽ പരിചയപ്പെട്ടയാൾ