ദില്ലി: പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത ടോൾ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂരമർദ്ദനം. കാറിൽ നിന്നിറങ്ങിയ യുവാവ് ജനാലയിലൂടെ ജീവനക്കാരിയുടെ കൈ പിടിച്ച് പുറത്തേക്ക് വലിക്കുകയും മൂക്കിനിടിക്കുകയുമായിരുന്നു. ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്‍റെ ദൃ‍ശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ ഖർക്കി ദൗല ന​ഗരത്തിലെ ടോൾ പ്ലാസയിലാണ് സംഭവം.

ജീവനക്കാരിയെ മർദ്ദിക്കുന്നതിൽനിന്ന് യുവാവിനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന മറ്റ് യാത്രക്കാരെ വീഡിയോയിൽ കാണാം. ആക്രമണത്തിൽ മൂക്കിന് സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്ലാസയിൽനിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഖർക്കി ദൗലയിലെ ടോൾ പ്ലാസയിൽ ഇതിന് മുമ്പും ജീവനക്കാർക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്.  2017 നവംബറിൽ ടോൾ ബൂത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴായിരുന്നു യുവതിയെ പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം, ഇതേ ടോൾ ബൂത്തിലെ വനിതാ ജീവനക്കാരിയെ കുറച്ച് യുവാക്കൾ ചേർന്ന് ആക്രമിച്ചിരുന്നു.