പിലിഭിത് (ഉത്തര്‍പ്രദേശ്): ഭര്‍ത്താവിന്റെ പേരില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി കാമുകനുമായി ഓസ്‌ട്രേലിയക്ക് യുവതി വിനോദയാത്ര പോയെന്ന് പരാതി. ജനുവരി ആറിനാണ് ഉത്തര്‍പ്രദേശിലെ പിലിഭിത് സ്വദേശി 36കാരിയായ യുവതി ഭര്‍ത്താവിന്റെ പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് കാമുകനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയതോടെ ഇരുവരും കുടുങ്ങി. പിന്നീട് ഓഗസ്റ്റ് 24നാണ് ഇരുവരും നാട്ടിലെത്തിയത്. ഇവര്‍ നാട്ടിലെത്തിയതിന് പിന്നാലെ മുംബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു.

ഭാര്യക്ക് സന്ദീപ് സിംഗ് എന്ന യുവാവുമായി ബന്ധമുണ്ടെന്നും വ്യാജ രേഖ ചമച്ച് തന്റെ പാസ്‌പോര്‍ട്ടിലാണ് ഓസ്‌ട്രേലിയയിലേക്ക് പോയതെന്നും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. ഇവരുടെ മക്കളില്‍ ഒരാള്‍ ഓസ്‌ട്രേലിയയിലാണ് പഠിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന പരാതി ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്ന് എസ് പി ജയപ്രകാശ് യാദവ് പറഞ്ഞു. ഭര്‍ത്താവിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. 

20 വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അപൂര്‍വമായി മാത്രമേ ഭാര്യയുടെ അടുത്തേക്ക് പോകാറുള്ളൂ. മെയ് 18ന് താന്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ വീട്ടിലില്ലെന്നും അന്വേഷിച്ചപ്പോള്‍ തന്റെ ഭാര്യയും സന്ദീപും ഓസ്‌ട്രേലിയയിലേക്ക് പോയെന്ന് ബന്ധുക്കള്‍ അറിയിച്ചെന്നും പരാതിക്കാരന്‍ പറഞ്ഞു. പരിശോധനയില്‍ തന്റെ പേരില്‍ പാസ് എടുത്താണ് ഇവര്‍ യാത്ര നടത്തിയതെന്നും ഭര്‍ത്താവ് ആരോപിച്ചു. പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്തിയപ്പോഴാണ് ഫെബ്രുവരില്‍ തന്റെ പേരില്‍ പാസ്‌പോര്‍ട്ട് എടുത്തതായി അറിയുന്നത്. വ്യാജരേഖകള്‍ നല്‍കിയാണ് ഇവര്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നും ഭര്‍ത്താവ് ആരോപിച്ചു.