മേഘനയെ കൂട്ടിലാക്കി കിണറ്റിലിറക്കാൻ തീരുമാനിച്ചു. പുലിയെ മയക്കുവെടി വയ്ക്കാനുള്ള തോക്കുമായി ഡോ. മേഘന കിണറ്റിൽ ഇറങ്ങി.
ബെംഗളുരു : മംഗളുരുവിലെ നിഡ്ഡോഡിയിൽ കിണറ്റിൽ കുടുങ്ങിയ പുലിയെ സാഹസികമായി രക്ഷിച്ച് വനിതാ വെറ്ററിനറി ഡോക്ടറും സംഘവും. 25 അടി താഴ്ചയുള്ള കിണറ്റിലാണ് പുലി കുടുങ്ങിയത്. തോക്കുമായി കൂട്ടിൽ കയറി കിണറ്റിലിറങ്ങിയാണ് വെറ്ററിനറി ഡോക്ടർ മേഘന പുലിയെ മയക്കുവെടി വച്ചത്.
മംഗളുരുവിൽ നിന്ന് 35 കിലോമീറ്റർ അകലെ കട്ടീലിനടുത്തുള്ള നിഡ്ഡോഡിയിൽ ഇന്നലെയാണ് സംഭവം. രണ്ട് ദിവസമായി 25 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങിക്കിടക്കുകയാണ് പുലി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പുലിയെ വലയിലാക്കാൻ പല തവണ നോക്കി, നടന്നില്ല. അപ്പോഴാണ് സ്ഥലത്തെ ചിട്ടേപിള്ളിയെന്ന മൃഗസംരക്ഷണസംഘത്തിന്‍റെ സഹായം വനംവകുപ്പ് തേടിയത്.
സംഘത്തിലെ ഡോക്ടർമാരായ ഡോ. മേഘനയും ഡോ. യശസ്വിയും സ്ഥലം പരിശോധിച്ചു. തുടർന്ന് ഡോ. മേഘന തന്നെ മയക്കുവെടി വയ്ക്കാനുള്ള സാമഗ്രികളുമായി കിണറ്റിലിറങ്ങാൻ തീരുമാനിച്ചു. പുലി അക്രമാസക്തനാകുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. മയക്കുവെടി വച്ച് പുലി മയങ്ങിയ ശേഷം ഡോ. മേഘന തന്നെ വനംവകുപ്പിന്‍റെ അടക്കം സഹായത്തോടെ പുലിയെ കൂട്ടിലാക്കി, തിരികെ കയറ്റി. ഒടുവിൽ രണ്ട് ദിവസത്തെ കിണർ വാസത്തിന് ശേഷം പുലിക്ക് പുതുജീവൻ ലഭിച്ചു. ഡോ. മേഘനയ്ക്കും സംഘത്തിനും അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ.
അതേസമയം കർണാടകയിലെ തുമക്കുരുവിൽ സിമന്‍റ് പൈപ്പിനുള്ളിൽ പുലിയുടെ ജഡം കണ്ടെത്തി. അങ്കസാന്ദ്ര ഫോറസ്റ്റ് റിസർവിനുള്ളിലാണ് പുലിയുടെ മൃതദേഹം കണ്ടത്. ഇതാദ്യമായാണ് ഈ മേഖലയിൽ പുലിയെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നത്. പുലിയെ കൊന്ന് കൊണ്ടിട്ടതാണെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. സ്ഥലത്ത് പരിശോധന ആരംഭിച്ചു.
Read More : അട്ടപ്പാടി ഷോളയൂരും പുലിപ്പേടിയിൽ, രണ്ടുമാസത്തിനിടെ കൊന്നത് ഏഴ് പശുക്കളെ, വനംവകുപ്പ് ഇടപെടണമെന്ന് ഊര്

