ദില്ലി: ദളിതരെ ചീത്തവിളിയ്‌ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയും ചെയ്‌തുകൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൈറലാണ്. തനിക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കാത്തത്‌ ദളിതര്‍ക്ക്‌ സംവരണം ലഭിക്കുന്നതുകൊണ്ടാണെന്ന് ആരോപിച്ചായിരുന്നു യുവതി ദളിതർക്ക് നേരെ അസഭ്യവർഷം നടത്തിയത്. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്കെതിരെ രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽനിന്നായി പ്രതിഷേധവും ഉയർന്നിരുന്നു. ഇതേതുടർന്ന് ക്ഷമാപണവുമായി രം​ഗത്തെത്തിയിക്കുകയാണ് യുവതി.

ദളിതർക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ മാപ്പ് ചോദിക്കുന്നുവെന്നും വീഡിയോയ്ക്ക് താഴെ കമൻ്റുകൾ ഇടരുതെന്നും അത് തന്റെ ഭാവി നശിപ്പിക്കുമെന്നും യുവതി വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ച സുഹൃത്തും  യുവതിക്കൊപ്പം ക്ഷമാപണവുമായി രം​ഗത്തെത്തിയിട്ടുണ്ട്.   

വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ ട്വിറ്ററിലൂടെയാണ് വീഡിയോ വൈറലായത്. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റേയോ വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന് തങ്ങൾ കരുതിയിരുന്നില്ല. അബദ്ധത്തിൽ വാട്സ്ആപ്പിലെ ഒരു ​ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്തുപോയതാണെന്നും യുവാവ് പറഞ്ഞു. മാധ്യമങ്ങളുൾപ്പടെ എല്ലാവരും വീഡിയോ നീക്കം ചെയ്യണമെന്നും ഷെയർ ചെയ്യുന്നത് നിർത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ വീഡിയോയിൽ യുവാവ് ആവശ്യപ്പെട്ടു.  

തൊട്ടുകൂടാത്തവര്‍ എന്നര്‍ത്ഥം വരുന്ന അസഭ്യവാക്ക്‌ ഉപയോഗിച്ചാണ്‌ യുവതി വീഡിയോയിലുടനീളം ദളിതരെ പരാമര്‍ശിക്കുന്നത്‌. സംവരണം ഉള്ളതുകൊണ്ട്‌ ദളിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലി ലഭിക്കുന്നു. അങ്ങനെയുള്ളവര്‍ തന്റെ തലയ്‌ക്ക്‌ മുകളില്‍ കയറിയിരിക്കുകയാണ്. ഉന്നതജാതിക്കാരില്‍ നിന്നും സര്‍ക്കാര്‍ ജോലികള്‍ ദളിതര്‍ തട്ടിപ്പറിക്കുകയാണെന്നും യുവതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തനിക്കിഷ്ടമാണെന്ന്‌ പറയുന്ന യുവതി ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്‌. നദീം എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.