തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയവരോട് ജിഎസ്ടിയേക്കുറിച്ച് ചോദ്യം, തിരുപ്പൂരിൽ യുവതിയെ കയ്യേറ്റം ചെയ്തു
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോടാണ് സംഗീത ജിഎസ്ടി സംബന്ധിയായ ചോദ്യങ്ങൾ ചോദിച്ചത്.
തിരുപ്പൂർ: ജിഎസ്ടിയേക്കുറിച്ച് ചോദ്യം ചോദിച്ച വനിതയെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ജിഎസ്ടിയേക്കുറിച്ച് ചോദ്യം ചോദിച്ച സംഗീത എന്ന യുവതിയ്ക്കാണ് മർദ്ദനവും അസഭ്യ വർഷവും സഹിക്കേണ്ടി വന്നത്. രാഷ്ട്രീയ പാർട്ടിയായ ദ്രാവിഡർ വിടുതലെ കഴകം അംഗമാണ് സംഗീത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവർത്തകരോടാണ് സംഗീത ജിഎസ്ടി സംബന്ധിയായ ചോദ്യങ്ങൾ ചോദിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ബിജെപി പ്രവർത്തകർ യുവതിയെ കയ്യേറ്റം ചെയ്തത്. തെറിവിളിയുടേയും സംഗീതയെ ആക്രമിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ 15ഓളം പേർക്കെതിരെ യുവതി പൊലീസിൽ പരാതിപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മറ്റൊരു സംഭവത്തിൽ രാത്രി 10മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം