ബംഗളൂരു: കൊവിഡ്​ വ്യാപനവും ലോക്ക്ഡൗണും കാരണം സമയത്തിന്​ ആശുപത്രിയിലെത്താൻ കഴിയാത്ത യുവതിക്ക്​ വീഡിയോ കോളിലൂടെ ലഭിച്ച നിർദേശമനുസരിച്ച്​ വീട്ടിനുള്ളിൽ സുഖപ്രസവം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് ഡോക്​ടറുടെ വീഡിയോ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

തിങ്കളാഴ്ച ആയിരുന്നു സംഭവം. വാസവൈ പട്ടേപൂർ എന്ന യുവതിക്ക് പ്രവസവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. മിക്കതും കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി ചുമതലപ്പെട്ടവയായിരുന്നു. എന്നാൽ യുവതിയുടെ അവസ്ഥ മോശമായതോടെ ഒരു കൂട്ടം സ്ത്രീകൾ പ്രസവമെടുക്കുന്നതിനായി തീരുമാനിക്കുകയായിരുന്നു.

പിന്നാലെ സ്ത്രീകളിൽ ഒരാൾ ഹുബ്ബള്ളി കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയങ്ക മാതംഗിയെ ഫോണിൽ ബന്ധപ്പെട്ടു. കര്യം അറിയിച്ചതോടെ സഹായിക്കാമെന്ന് ഡോക്ടർ സമ്മതിച്ചു. തുടർന്ന് വീഡിയോ കോളിലൂടെ പ്രിയങ്ക പ്രസവമെടുക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകി. വിജയകരമായി സ്ത്രീകൾ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോൾ സുഖമായിരുക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. സ്ത്രീകൾക്കും ഡോക്ടറിനും യുവതിയുടെ കുടുംബം നന്ദി പറഞ്ഞു. വലിയൊരു അനുഭവമാണ് തങ്ങൾക്ക് ഉണ്ടായതെന്ന് സ്ത്രീകളിൽ ഒരാളായ മധുലിക പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

"സംഘത്തിലുണ്ടായിരുന്ന സ്ത്രീകളിൽ ചിലർക്ക് പ്രസവത്തെ കുറിച്ച് ഉണ്ടായിരുന്ന അറിവ് സഹായകമായി. അതിനു ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇതാദ്യമായിട്ടാണ് താൻ ഇത്തരത്തിൽ പ്രസവം എടുക്കുന്നത്"- ഡോക്ടർ പ്രയങ്ക പറഞ്ഞു.