ലഖ്നൗ: വിദ്യാർത്ഥിനികളോട് മോശം പരാമര്‍ശം നടത്തിയ യുവാവിനെ ഷൂ ഊരി തല്ലി പൊലീസുകാരി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ബിത്തൂരിലാണ് സംഭവം. ജനങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിക്കുകയാണ്.

ഇന്നലെ രാവിലെ സ്കൂളിൽ പോകാൻ വിദ്യാർത്ഥികള്‍ എത്തിയപ്പോഴാണ് നയീം ഖാൻ എന്ന യുവാവ് അപമാനിക്കാൻ ശ്രമിച്ചത്. കുട്ടികള്‍ നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ അശ്ലീല ചുവ നിറഞ്ഞ പാട്ട് പാടുകയായിരുന്നു. നയീം ഖാന്റെ പെരുമാറ്റത്തിൽ ക്ഷുഭിതരായ ഒരു കൂട്ടം വിദ്യാർത്ഥികൾ അടുത്തുള്ള പൊലീസ് സ്റ്റഷനിൽ എത്തി പരാതി നൽകി.

ഇതോടെ വനിതാ കോൺസ്റ്റബിൾ ചഞ്ചൽ ചൗരസിയ സംഭവസ്ഥലത്തെത്തുകയും നയീം ഖാനെ പിടികൂടുകയും ചെയ്തു. ആദ്യം യുവാവിന്റെ മുഖത്തടിച്ച ചഞ്ചൽ പിന്നീട് ഷൂ ഊരി മര്‍ദ്ദിക്കുകയായിരുന്നു. 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയില്‍ നിരവധി തവണ ഇയാളെ പൊലീസുകാരി തല്ലുന്നത് കാണാൻ സാധിക്കും. 

"നിനക്കൊക്കെ ഭ്രാന്താണോ? നിനക്ക് വീട്ടിൽ അമ്മയും സഹോദരിമാരുമൊന്നുമില്ലേ..." എന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു മർദ്ദനം. പ്രദേശത്തുണ്ടായിരുന്ന ആരോ ആണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നയീം ഖാനെ ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തതായി ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ അറിയിച്ചു.