ജയ്പൂർ: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാറിൽ വച്ച് പ്രസവവേദന അനുഭവപ്പെട്ട ​യുവതിക്ക് സഹായവുമായി പൊലീസ്. രാജസ്ഥാനിലെ ജോധ്പൂരിലുള്ള അഹല്യ സർക്കിളിലാണ് സംഭവം. ​ഗർഭിണിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വണ്ടി ബ്രേക്ക് ഡൗൺ ആയതോടെയാണ് സഹായവുമായി പൊലീസ് എത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ പ്രീതി ചന്ദ്ര പറഞ്ഞു.

മെയ് നാലിനാണ് സംഭവം നടന്നത്. പ്രസവവേദനയെ തുടർന്ന് യുവതിയേയും കൊണ്ട് ഭർത്താവ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ വണ്ടി ബ്രേക്ക് ഡൗണായി. പെട്ടന്ന് യുവതിയുടെ അവസ്ഥ വഷളാകുകയും സമീപത്തുണ്ടായിരുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ആശുപത്രിയിലേക്ക് വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.

എന്നാൽ, അവരെത്തുന്നതിന് മുമ്പ് തന്നെ വനിതാ കോൺസ്റ്റബിളിന്റെ സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷ്ണർ പ്രീതി ചന്ദ്ര പറഞ്ഞു. പിന്നാലെ ആംബുലൻസ് എത്തിച്ച് അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരുടേയും ആരോ​ഗ്യനില തൃപ്തികരമാണെന്നും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.