ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മറ്റു സ്ത്രീകളുടെ പക്കല്‍ നിന്നും തുണികള്‍ ശേഖരിച്ച് യുവതിക്ക് പ്രസവ മുറി ഒരുക്കുകയായിരുന്നു. ശേഷം യുവതി കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും പൊക്കിള്‍കൊടി വേര്‍പ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. 

കൊല്‍ക്കത്ത: നിറ​ഗർഭിണിയായ യുവതിയ്ക്ക് ട്രെയിനിൽ പ്രസവ മുറി ഒരുക്കി പുരുഷ യാത്രക്കാർ. പശ്ചിമ ബംഗാളിലാണ് ഏവര്‍ക്കും മാതൃകയായ സംഭവം നടന്നത്. അഗര്‍ത്തല-ഹബീബ്ഗഞ്ച് എക്‌സ്പ്രസില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗര്‍ഭിണിയായ യുവതിക്ക് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ടു. തനിച്ചായിരുന്നു ഇവരുടെ യാത്ര. പ്രസവവേദനയാൽ പുളയുന്ന യുവതിക്കായി അതേ കമ്പാര്‍മെന്‍രില്‍ യാത്ര ചെയ്യുകയായിരുന്നു മൂന്ന് പുരുഷന്മാര്‍ പ്രസവമുറി ഒരുക്കുകയായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മറ്റു സ്ത്രീകളുടെ പക്കല്‍ നിന്നും തുണികള്‍ ശേഖരിച്ച് യുവതിക്ക് പ്രസവ മുറി ഒരുക്കുകയായിരുന്നു. 

എംഡി സൊഹ്‌റബ്, സുബേദാര്‍ ഗൗഡ, ത്രിഭൂവന്‍ സിങ് എന്നിവരാണ് യുവതിയെ സഹായിക്കാന്‍ മുന്‍കൈയ്യെടുത്തത്. യുവതി കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും പൊക്കിള്‍കൊടി വേര്‍പ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചില്ല. ജല്പായ്ഗുരി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും റെയിവേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ എത്തുകയും പൊക്കിള്‍ക്കൊടി വേർപ്പെടുത്തുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.