ബെംഗളൂരു: സ്ത്രീകൾക്കെതിരെയുളള അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിംഎംടിസി ) ബസ്സുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കും.

മൂന്നുമാസത്തിനുള്ളിൽ 357 ബസ്സുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും ഇതേ കാലയളവിൽ ബസ്സുകളിലെ മറ്റു കേടുപാടുകളും മറ്റും തീർക്കുമെന്നും ബിഎംടിസി മാനേജിങ് ഡയറക്ടർ സി ശിഖ പറഞ്ഞു. നഗരത്തിലെ ബസ്സുകളുടെ സമയവിവരങ്ങൾ അറിയുന്നതിനായി പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കുന്ന കാര്യവും ആലോചനയിലുണ്ടെന്ന് അവർ വ്യക്തമാക്കി.

സ്തീ സുരക്ഷയ്ക്കായി ബിഎംടിസി പുറത്തിറക്കിയ പിങ്ക് സാരഥി ജീപ്പുകൾ നഗരത്തിൽ സജീവമാണ്. ദിവസം മൂന്നു ഷിഫ്റ്റുകളിലായി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും രാത്രിസമയങ്ങളിൽ ബസ് സ്റ്റോപ്പുകളിൽ എത്തുന്നവർക്കുവേണ്ടിയാണ് പ്രധാനമായും ഇവ സഹായകരമാവുന്നത്. ഏതു സമയത്താണെങ്കിലും പിങ്ക് സാരഥി വാഹനങ്ങൾ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കും. സാധാരണയായി രാത്രി 10 മണിയ്ക്കു ശേഷം സർവ്വീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയുമെന്നതിനാലാണ് സ്ത്രീയാത്രക്കാരെ ലക്ഷ്യമിട്ട് പിങ്ക് സാരഥി ജീപ്പുകൾ പുറത്തിറക്കിയത്. നിലവിൽ 25 വാഹനങ്ങളാണ് വിവിധ ഭാഗങ്ങളിലായി സർവ്വീസ് നടത്തുന്നത് .

നവംബർ മാസത്തിൽ മാത്രം 35 ലധികം യാത്രക്കാരെയാണ് നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകളിൽ നിന്ന് സുരക്ഷിതസ്ഥാനത്തെത്തിച്ചതെന്ന് സി ശിഖ പറയുന്നു. ചില സന്ദർഭങ്ങളിൽ ഈ വാഹനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ബസ് സ്റ്റോപ്പുകൾക്ക് സമീപം നിർത്തിയിടുമെന്നും സ്ത്രീ യാത്രക്കാർ ബസ്സിൽ കയറിയെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ അവിടം വിടാറുള്ളൂ എന്നും അവർ പറഞ്ഞു.

കേന്ദ്രസർക്കാരിൽ നിന്നും നിർഭയ സ്കീം വഴി ലഭിച്ച തുകയാണ് പിങ്ക് സാരഥി സർവ്വീസുകൾക്കായി സർക്കാർ വിനിയോഗിച്ചത്. നിലവിൽ രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 2 വരെയും, 2 മുതൽ രാത്രി 10 വരെയും, പത്തു മുതൽ അടുത്ത ദിവസം രാവിലെ ആറ് വരെയുമാണ് പിങ്ക് സാരഥി വാഹനങ്ങൾ സർവ്വീസ് നടത്തുന്നത്.