അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്ന് മക്കളാണ് പ്രേമയ്ക്കുള്ളത്. പണമാവശ്യപ്പെട്ട് ബന്ധുക്കളേയും അയൽക്കാരേയുമൊക്കെ സമീപിച്ചിരുന്നെങ്കിലും പ്രേമയെ സഹായിക്കാൻ ആരും തയ്യാറല്ലായിരുന്നു. ഇതോടെയാണ് തലമുടി മുറിച്ച് പണം വാങ്ങാമെന്ന് പ്രേമ തീരുമാനിക്കുന്നത്. 

സേലം: മക്കളുടെ വിശപ്പ് അകറ്റാൻ തലമുടി മുറിച്ച് വിറ്റ് മുപ്പത്തിയൊന്നുകാരിയായ അമ്മ. തമിഴ്നാട് സേലം സ്വദേശിയായ പ്രേമയാണ് മക്കളുടെ വിശപ്പ് മാറ്റാൻ 150 രൂപയ്ക്ക് തലമുടി മുറിച്ച് വിറ്റത്. ഏഴുമാസം മുമ്പായിരുന്നു പ്രേമയുടെ ഭർത്താവ് സെൽവൻ കടബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തത്. ഇതോടെ പട്ടിണിയും സാമ്പത്തിക ബാധ്യതയുംമൂലം കുടുംബം കഷ്ടപ്പെടുകയായിരുന്നു.

അഞ്ചും മൂന്നും രണ്ടും വയസ്സുള്ള മൂന്ന് മക്കളാണ് പ്രേമയ്ക്കുള്ളത്. പണമാവശ്യപ്പെട്ട് ബന്ധുക്കളേയും അയൽക്കാരേയുമൊക്കെ സമീപിച്ചിരുന്നെങ്കിലും പ്രേമയെ സഹായിക്കാൻ ആരും തയ്യാറല്ലായിരുന്നു. ഇതോടെയാണ് തലമുടി മുറിച്ച് പണം വാങ്ങാമെന്ന് പ്രേമ തീരുമാനിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു പൊന്നാംപെട്ട് തെരുവിലൂടെ മുടി ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്നയാൾ പ്രേമയുടെ ശ്രദ്ധയിൽപ്പെടുന്നത്. വി​ഗ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു അയാൾ തലമുടിക്കായി തെരുവിലെത്തിയത്.

തലമുടി കൊടുത്താൻ പണം കിട്ടുമെന്നതറിഞ്ഞതോടെ പ്രേമ മറ്റൊന്നും ചിന്തിച്ചില്ല, വേ​ഗം വീട്ടിൽ പോയി കത്തിയെടുത്ത് തലമുടി മുറിച്ച കച്ചവടക്കാരനെ ഏൽപ്പിച്ചു. 150 രൂപയ്ക്കായിരുന്നു പ്രേമ മുടിവിറ്റത്. ഇതിൽ 100 രൂപയ്ക്ക് പ്രേമ ഭക്ഷണസാധനങ്ങൾ വാങ്ങിച്ചു. ബാക്കി പൈസയെടുത്ത് കടയിലേക്ക് പോയ പ്രേമ കടക്കാരനോട് ആവശ്യപ്പെട്ടത് കീടനാശിനി നൽകാനായിരുന്നു. എന്നാൽ, ഇതിൽ സംശയം തോന്നിയ കടക്കാരൻ കീടനാശിനി നൽകാതെ പ്രേമയെ മടക്കി അയച്ചു.

മക്കളെ പോറ്റാൻ കഷ്ടപ്പെടുകയും കടം വാങ്ങിച്ച പണം ആവശ്യപ്പെട്ട ആളുകൾ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യാൻ തുടങ്ങിയതോടെ പ്രേമയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. കടക്കാരൻ കീടനാശിനി തരാതെ മടക്കി അയച്ചതിന് പിന്നാലെ അരളി വിത്ത് കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു പ്രേമ ശ്രമിച്ചിരുന്നത്. എന്നാൽ, തക്കസമയത്ത് സഹോദരി കണ്ടതോടെ പ്രേമ മരണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

ഇഷ്ടിക ചൂളയിലായിരുന്നു പ്രേമയും ഭർത്താവ് സെൽവും ജോലി ചെയ്തിരുന്നത്. ചെറുകിട സംരംഭം തുടങ്ങുന്നതിനായി രണ്ടര ലക്ഷത്തിലധികം രൂപ പലരിൽനിന്നുമായി സെൽവൻ കടം വാങ്ങിച്ചിരുന്നു. എന്നാൽ, ചിലയാളുകൾ വഞ്ചിച്ചതോടെ കുടുംബം കടക്കെണിയിലാകുകയും സെൽവൻ ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു. ജി ബാല എന്നയാളാണ് പ്രേമയുടെ ജീവിതകഥ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നൊമ്പരപ്പെടുത്തുന്ന കഥ കേട്ടറിഞ്ഞ് നിരവധി പേരാണ് പ്രേമയെയും മക്കളെയും സഹായിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ആളുകൾ നേരിട്ടും അല്ലാത്തെയും പ്രേമയെയും മക്കളെയും സാമ്പത്തികമായി സഹായിക്കുന്നുണ്ട്.