ദില്ലി: വനിത ദിനത്തിൽ ദില്ലി അതിര്‍ത്തികളിലെ കര്‍ഷക സമരം ഏറ്റെടുത്ത് സ്ത്രീകൾ. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി നാല്പതിനായിരത്തോളം സ്ത്രീകൾ സമരത്തിന്‍റെ ഭാഗമായെന്ന് കര്‍ഷക സംഘടനകൾ അവകാശപ്പെട്ടു.

കര്‍ഷകരുടെ അവകാശങ്ങൾക്ക് വേണ്ടി വനിത ദിനത്തിൽ വീടുവിട്ട് ഇറങ്ങി സ്ത്രീകൾ. സിംഗുവിലും തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലും സമരവേദികളും സദസും സ്ത്രീകൾ ഏറ്റെടുത്തു. കര്‍ഷക യൂണിയനുകളുടെ കൊടിയുമായി പ്രായമായ അമ്മമാരും സമരത്തിന്‍റെ മുന്നണിയിലേക്ക് വന്നു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ട്രാക്ടറോടിച്ചും നിരവധി സ്ത്രീകൾ എത്തി.

ഇന്നലെ രാത്രി സിംഗുവിലെ സമരസ്ഥലത്ത് ഒരു സംഘം ആകാശത്തേക്ക് വെടിയുതിര്‍ത്ത് പരിഭ്രാന്തിയുണ്ടാക്കിയ സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് കര്‍ഷക നേതാക്കൾ ആരോപിച്ചു. അതൊന്നും ഇന്നത്തെ സ്ത്രീകളുടെ മുന്നേറ്റത്തെ ബാധിച്ചില്ല. പാട്ടുപാടിയും നൃത്തം ചെയ്തും കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും എത്തിയ സ്ത്രീകളുടെ സംഘങ്ങൾ വനിതദിനത്തിലെ സമരം ആവേശമാക്കി.