ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ചഗ്. ദില്ലിയെ സിറിയയാക്കാന്‍ അനുവദിക്കില്ലെന്ന് തരുണ്‍ ചഗ്  ട്വിറ്ററില്‍ പ്രതികരിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ചു കൊണ്ട് ഐഎസിന്‍റെ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും ദില്ലിയില്‍ അനുവദിക്കില്ലെന്ന് തരുണ്‍ ചഗ് കൂട്ടിച്ചേര്‍ത്തു.

'ദില്ലിയെ സിറിയയാക്കാനും സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് ഐഎസ് മാതൃകയില്‍  പ്രവര്‍ത്തനങ്ങള്‍ നടത്താനും ഞങ്ങള്‍ അനുവദിക്കില്ല. പ്രധാന മാര്‍ഗം തടഞ്ഞു കൊണ്ട് ദില്ലിയിലെ ജനങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല(ദില്ലി കത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല)'- തരുണ്‍ ചഗ് ട്വീറ്റ് ചെയ്തു. 

Read More: 'കെജ്രിവാൾ ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ നുണയൻ'; ദില്ലി മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി അമിത് ഷാ

അതേസമയം ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്ന് ദില്ലി തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി എംപി പര്‍വേശ് വര്‍മ്മ പറഞ്ഞത് വന്‍ വിവാദമായിരുന്നു.