ഏപ്രിൽ 16 ലെ പോലീസ് രേഖ പ്രകാരം, വ്യാജ ഇൻവോയ്‌സുകളും കൃത്രിമ ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയിൽ നിന്ന് എഞ്ചിനുകൾ അനധികൃതമായി കടത്തുന്നതിൽ രണ്ട് മുൻ കിയ ഇന്ത്യ ഫാക്ടറി തൊഴിലാളികളും ഒരു ടീം ലീഡറും എഞ്ചിൻ ഡിസ്‌പാച്ച് വിഭാഗത്തിലെ ഒരു സെക്ഷൻ മേധാവിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി

ദില്ലി: മൂന്ന് വർഷത്തിനിടെ കിയ കാർ നിർമ്മാണ ഫാക്ടറിയിൽ നിന്ന് 1,008 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ കിയ ഇന്ത്യയിലെ രണ്ട് മുൻ തൊഴിലാളികൾ അന്വേഷണം നേരിടുന്നുവെന്ന് പൊലീസ്. സ്ക്രാപ്പ് ഡീലർമാരുമായി ഒത്തുകളിച്ച് എൻജിൻ മോഷ്ടിച്ചുവെന്നാണ് ആരോപണം. 2.3 മില്യൺ ഡോളർ വില വരുന്ന എൻജിനുകളാണ് മോഷണം പോയത്. പൊലീസ് അന്വേഷണത്തിൽ കേസ് അന്തർ സംസ്ഥാന കുറ്റകൃത്യ ശൃംഖലകളെക്കുറിച്ചുള്ള സൂചനകളും ലഭിച്ചു. ആന്ധ്രാപ്രദേശ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സഹോദര കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയിൽ നിന്ന് (005380.KS) വാങ്ങിയ എഞ്ചിനുകളാണ് കാണാതാത്. സംഭവത്തിൽ മുൻകാല ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും തമ്മിൽ ഗൂഢാലോചന നടത്തിയെന്നും സംശയിക്കുന്നു.

ഏപ്രിൽ 16 ലെ പോലീസ് രേഖ പ്രകാരം, വ്യാജ ഇൻവോയ്‌സുകളും കൃത്രിമ ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയിൽ നിന്ന് എഞ്ചിനുകൾ അനധികൃതമായി കടത്തുന്നതിൽ രണ്ട് മുൻ കിയ ഇന്ത്യ ഫാക്ടറി തൊഴിലാളികളും ഒരു ടീം ലീഡറും എഞ്ചിൻ ഡിസ്‌പാച്ച് വിഭാഗത്തിലെ ഒരു സെക്ഷൻ മേധാവിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കടത്താൻ സഹായിച്ച മറ്റ് രണ്ട് വ്യക്തികളുമായും വിൽക്കാൻ സഹായിച്ച മറ്റ് രണ്ട് സ്ക്രാപ്പ് ഡീലർമാരുമായും ഇവർ ​ഗൂഢാലോചന നടത്തി. കൃത്രിമമായതോ വ്യാജമായതോ ആയ രജിസ്ട്രേഷൻ നമ്പറുകൾ ഉള്ള ഒന്നിലധികം ട്രക്കുകൾ ഉപയോഗിച്ചായിരുന്നു മോഷണം. 

കഴിഞ്ഞ വർഷം ഇൻവെന്ററി മാനേജ്‌മെന്റ് പ്രക്രിയകൾ മെച്ചപ്പെടുത്തിയപ്പോഴാണ് പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞതെന്ന് കിയ ഇന്ത്യ റോയിട്ടേഴ്‌സിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് കിയ ഇന്ത്യ ഒരു ആഭ്യന്തര അന്വേഷണം നടത്തി കേസ് പോലീസിനെ അറിയിച്ചു. 
കിയ ഫാക്ടറിയിലെ എഞ്ചിൻ ഡിസ്‌പാച്ച് വിഭാഗത്തിന്റെ മുൻ മേധാവിയായ വിനായകമൂർത്തി വേലുച്ചാമി (37) നിലവിൽ കസ്റ്റഡിയിലാണ്, ഇയാൾ ജാമ്യത്തിനായി സംസ്ഥാന ഹൈക്കോടതിയിൽ അപേക്ഷ നൽകി. ആരോപിക്കപ്പെടുന്ന മോഷണങ്ങളിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

2020 മുതൽ 2025 വരെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന 33 കാരനായ മുൻ ടീം ലീഡർ പതൻ സലീമാണ് ആരോപണവിധേയനായ മറ്റൊരു കിയ തൊഴിലാളിയെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു. ഇയാൾ ഒളിവിലാണ്. രണ്ട് മുൻ ജീവനക്കാർക്കെതിരെ ഇതുവരെ ഔദ്യോഗികമായി ഒരു കുറ്റവും ചുമത്തിയിട്ടില്ല. പക്ഷേ അന്വേഷണത്തിൽ ഇവരെ പ്രതികളാക്കിയിട്ടുണ്ട്.