Asianet News MalayalamAsianet News Malayalam

രാജ്യം മണിപ്പൂരിനൊപ്പം, സമാധാനം പുലരണം; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രസം​ഗമധ്യേ മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം.  കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന്  സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Working hard to fulfill every citizens dreams  says prime minister narendra Modi in Independence Day Speech vkv
Author
First Published Aug 15, 2023, 10:26 AM IST

ദില്ലി: രാജ്യത്ത്  എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ പതാക ഉയർത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.  മണിപ്പൂരിൽ സമാധാനത്തിന്  ആഹ്വാനം ചെയ്തും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.

രാവിലെ ഏഴരയോടെയാണ് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയത്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ  140 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് പറഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യൻ യുവതയിൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നും പറഞ്ഞു. രാജ്ഘട്ടിൽ പുഷ്പാർച്ചന അർപ്പിച്ച മോദി രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവർപ്പിച്ചു.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണെന്ന് പ്രസം​ഗമധ്യേ മോദി പറഞ്ഞു. മണിപ്പൂരിൽ സമാധാനം വേണം. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന്  സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മണിപ്പൂരിലുണ്ടായത് ഹിംസാത്മ പ്രവർത്തനങ്ങളാണ്. പെൺമക്കളുടെയും അമ്മമാരുടെയും അഭിമാനത്തിന് മുറിവേറ്റു. നിരവധി പേർക്ക് മണിപ്പൂരിൽ ജീവൻ നഷ്ടമായി എന്നും പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. മണിപ്പൂർ സമാധാന പാതയിലേക്ക് തിരികെ വരുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ ചേർന്ന്  സമാധാനം പുനസ്ഥാപിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നു.  

അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. 2047 ൽ ഇന്ത്യ വികസിതരാജ്യമാകും എന്നും ആവകാശപ്പെട്ട പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം അടുത്ത  തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.  അടുത്ത ഓഗസ്റ്റ് 15നും വികസന നേട്ടം പങ്കുവെക്കാന്‍ ചെങ്കോട്ടയില്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണങ്ങളുടെ കാലം കഴിഞ്ഞെന്നും രാജ്യം ഇപ്പോൾ സുരക്ഷ അനുഭവിക്കുന്നുവെന്നും പറഞ്ഞ  മോദി പരമ്പരാഗത മേഖലയ്ക്ക് 15000 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ ജനസംഖ്യയിലും മുന്നിലാണ്. ഇത്രയും  വലിയ കുടുംബത്തിലെ 140 കോടി അംഗങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മണിപ്പൂരില്‍ സമാധാനം വേണമെന്നും പ്രധാനമന്ത്രി പ്രസംഗമധ്യേ പ്രധാനമന്ത്രി പറഞ്ഞു. 

ഇപ്പോഴത്തെ ചുവടുകള്‍ക്ക് ആയിരം വര്‍ഷത്തോളം സ്വാധീനം ചെലുത്താൻ കഴിയും. ഇന്ത്യയിലെ യുവാക്കള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും.  ലോകത്തെ സാങ്കേതിക വിപ്ലവത്തില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.  ഗ്രാമങ്ങളില്‍ നിന്ന് കഴിവുറ്റ കായികതാരങ്ങള്‍ ഉയർന്നുവരുന്നു. കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം കൈവരിക്കുന്നുണ്ട്. കൊവിഡിന് ശേഷം ലോകരാജ്യങ്ങള്‍ തമ്മില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നുണ്ട്. 2014  ല്‍ ജനങ്ങള്‍ സ്ഥിരതയുള്ള സർക്കാരിനായി വോട്ട് ചെയ്തു. ഈ സർക്കാരിന് രാജ്യമാണ് പ്രഥമ പരിഗണന. സമഗ്രമാറ്റമാണ് സർക്കാ‍ർ നടപ്പാക്കുന്നത്. സാന്പത്തിക ശക്തിയില്‍ പത്താം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവെന്നും മോദി പറഞ്ഞു.

അഴിമതി ഇന്ത്യയുടെ പുരോഗതിയെ മന്ദഗതിയിലാക്കി. അഴിമതിയെന്ന രാക്ഷസൻ ഇന്ത്യയുടെ വളർച്ച തടഞ്ഞു. മുദ്ര പദ്ധതി  നിരവധി പേർക്ക് ജോലി ലഭ്യമാക്കി. ഒരു റാങ്ക് ഒരു പെൻഷൻ സാധ്യമാക്കി. പാവപ്പെട്ടവര്‍  നവ മധ്യവർഗ വിഭാഗത്തിലേക്ക് എത്തി. ലോകത്തിലെ മൂന്നാമത്തെ സാന്പത്തികശക്തിയായി ഇന്ത്യ ഉയരുമെന്ന് ഉറപ്പുതരുന്നു. ലോകം ഇപ്പോള്‍ കടുത്ത വിലക്കയറ്റം നേരിടുകയാണ്. ഇന്ത്യയില്‍ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടല്‍ സർക്കാര്‍ നടത്തുന്നുണ്ട്. വിശ്വകർമ പദ്ധതിക്കായി 13,000 - 15,000 കോടി വിനിയോഗിക്കും. രാജ്യത്ത് ഭീകരാക്രമണങ്ങളും മാവോയിസ്റ്റ് ആക്രമങ്ങളും കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കിമാറ്റും. 

എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാതെ ഈ സർക്കാർ വിശ്രമിക്കില്ല. പുതിയ ഭാരതത്തെ തടയാനും പരാജയപ്പെടുത്താനുമാവില്ല. നിശ്ചയിച്ച സമയത്തിന്  മുന്‍പേ തന്നെ പുതിയ പാര്‍ലമെന്‍റ്  ഉദ്ഘാടനം ചെയ്യാനായി. വനിത കേന്ദ്രീകൃത വികസനമാണ് ലക്ഷ്യം. ഇന്ത്യയിലെ വികസനത്തിന് വനിതകളുടെ നേതൃത്വം ഉണ്ടാകണം. അതിര്‍ത്തി ഗ്രാമങ്ങള്‍ അവസാനത്തേതതല്ല, ആദ്യ പരിഗണന ലഭിക്കേണ്ട ഗ്രാമങ്ങൾ. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്. 

ചെങ്കോട്ടയില്‍ ജനങ്ങളുടെ ആശീർവാദത്തിനായിട്ടാണ് വന്നത്. അഴിമതി മുക്ത രാജ്യം സാധ്യമാക്കാനും പ്രീണനമുക്ത രാജ്യമുണ്ടാക്കാനും കുടുംബവാദം അവസാനിപ്പിക്കാനും പ്രതിജ്‌ഞാബദ്ധം. ചിലരുടെ ദേഷ്യത്തിന് പിന്നില്‍ അഴിമതി അവസാനിപ്പിക്കാനുള്ള ശ്രമം. കുടുംബ പാര്‍ട്ടികള്‍ സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. വികസനത്തിന്‍റെ ഏറ്റവും വലിയ ശത്രു അഴിമതിയാണ്. റിഫോം, പെർഫോം, ട്രാൻസ്ഫോം ആണ് സർക്കാരിന്‍റെ മന്ത്രം. പ്രാദേശിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധം. അമൃത്കാലഘട്ടത്തില്‍ ചരിത്രപരമായ ചുവട് വെക്കുന്നു. 2047 ൽ വികസിത രാജ്യമെന്ന സ്വപ്നത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. അടുത്ത ഓഗസ്റ്റ് 15ന് വികസന നേട്ടം പങ്കുവെക്കാൻ ചെങ്കോട്ടയില്‍ എത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. 

Read More : ദേശീയ പതാക ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

Follow Us:
Download App:
  • android
  • ios