ദില്ലി: അന്തരിച്ച ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് ലോക നേതാക്കള്‍. ബംഗ്ലാദേശിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നാണ് സുഷമ സ്വരാജിനെ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരത്തിലേക്ക് കൊണ്ട് പോകുന്നതില്‍ സുഷമ നല്‍കിയ സംഭാവനകള്‍ ബംഗ്ലാദേശ് എന്നും ഓര്‍ക്കുമെന്നും ഹസീന പറഞ്ഞു. സുഷമ സ്വരാജിനൊപ്പം നടത്തിയ ഫലപ്രദമായ ചര്‍ച്ചകള്‍ ഓര്‍ത്തെടുത്താണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

സമാനമായി 2016 സുഷമ ജറുസലേം സന്ദര്‍ശിച്ചപ്പോള്‍ ഉള്ള ഓര്‍മകള്‍ മുന്‍ ഇസ്രായേലി സ്ഥാനപതി ഡാനിയേല്‍ കാര്‍മണ്‍ പങ്കുവെച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ ജനതയ്ക്ക് എന്നും എപ്പോഴും പെട്ടെന്ന് സമീപിക്കാന്‍ സാധിച്ചിരുന്ന നേതാവാണ് സുഷമയെന്ന് അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ട സഹോദരി എന്നാണ് ബഹറെെന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ കുറിച്ചത്. എപ്പോഴും സുഷമ സ്വരാജ് തന്നെ സഹോദരന്‍ എന്നാണ് വിളിച്ചിരുന്നത്. ബഹറെെന്‍ അവരെ മിസ് ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്‍റെ അന്ത്യം.

ഏയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ദില്ലിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ദില്ലിയിലെ വസതിയിലും 12 മുതൽ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍  മൃതദേഹം സംസ്‌കരിക്കും.