പൊലീസ്, ആള്‍ക്കൂട്ടം, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവിധത്തിലുമുള്ള അക്രമങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നതായാണ് ആര്‍എസ്എഫ് പുറത്തുവിട്ട പട്ടിക വിശദീകരിക്കുന്നത്. 

ലോകത്തിലെ 180 രാജ്യങ്ങളില്‍ പത്രസ്വാതന്ത്രത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് 142ാം സ്ഥാനം. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പട്ടികയിലാണ് ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയത്. 2016ല്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 133ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. കൃത്യമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായി മാറുകയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

പൊലീസ്, ആള്‍ക്കൂട്ടം, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി എല്ലാവിധത്തിലുമുള്ള അക്രമങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നതായാണ് ആര്‍എസ്എഫ് പുറത്തുവിട്ട പട്ടിക വിശദീകരിക്കുന്നത്. ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ പത്രസ്വാതന്ത്ര പട്ടിക മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി ദി ഹിന്ദുവിലെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.

പത്രസ്വാതന്ത്ര്യം സംബന്ധിച്ച് ഐബി മന്ത്രാലയവുമായി കൂടിക്കാഴ്ചകള്‍ നടത്തിയതായാണ് ദി ഹിന്ദു റിപ്പോര്‍ട്ട്. സര്‍വ്വേയുടെ മാനദണ്ഡങ്ങള്‍ തിരക്കിക്കൊണ്ട് പിഐബി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആര്‍എസ്എഫ് ചെയര്‍മാന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16ന് കത്തെഴുതിയിരുന്നു. പട്ടികയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇതിന് വേണ്ട രീതിയിലുള്ള മെച്ചപ്പെടുത്തല്‍ വരുത്തല്‍ വരുത്തുന്നതിനും വേണ്ടിയായിരുന്നു ഇതെന്നുമാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമ്മുകശ്മീരില്‍ പലപ്പോഴായി വന്ന ഇന്‍റര്‍നെറ്റ് നിരോധനം, ഇന്ത്യയില്‍ പലയിടങ്ങളിലായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമം, ഈ അക്രമങ്ങളെക്കുറിട്ട് പാശ്ചാത്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ എന്നിവയും പട്ടികയില്‍ ഇന്ത്യയെ പിന്തള്ളാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.