ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ  വാക്സീനെന്ന് ഭാരത് ബയോടെക്

ദില്ലി: മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സീൻ വരുന്നു. പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായെന്ന് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് അവകാശപ്പെട്ടു. ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ അടുത്ത മാസം ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി കിട്ടിയാൽ യാഥാർത്ഥ്യമാകുന്നത് മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ വാക്സീനെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ.കൃഷ്ണ എല്ല അവകാശപ്പെട്ടു. മൂക്കിലൂടെയുള്ള നേസൽ വാക്സീന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് ജനുവരിയിലാണ് ഡിസിജിഐ (DCGI) അനുമതി നൽകിയത്. 

YouTube video player

രണ്ട് ഡോസ് വാക്സീൻ എടുത്തവർ നിർബന്ധമായും ബൂസ്റ്റ‍ർ ഡോസ് എടുക്കണമെന്ന് ഡോക്ടർ കൃഷ്ണ എല്ല നിർദേശിച്ചു. മൂന്നാം ഡോസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കുട്ടികളിൽ ആദ്യ രണ്ട് ഡോസുകൾ വലിയ പ്രതിരോധ ശേഷി നൽകുന്നില്ല. എന്നാൽ മൂന്നാം ഡോസ് നൽകുമ്പോൾ മികച്ച പ്രതിരോധ ശേഷി ഉണ്ടാകുന്നുണ്ട്. കൊവിഡ് നമുക്കിടയിൽ തന്നെ ഉണ്ടാകുമെന്നും അതിനാൽ കരുതലോടെ മുന്നോട്ടുപോകാനാണ് ശ്രമിക്കെണ്ടെതെന്നും ഡോ. കൃഷ്ണ എല്ല പറഞ്ഞു. 

Scroll to load tweet…

'എയർ സുവിധ' പിൻവലിച്ചേക്കും

ഇതിനിടെ, 'എയർ സുവിധ' പോർട്ടൽ പിൻവലിക്കാൻ വ്യോമയാന മന്ത്രാലയം നീക്കം തുടങ്ങി. അന്താരാഷ്ട്ര തലത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് ആലോചന. 'എയർ സുവിധ' പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുളളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഇത്തരത്തിൽ യാത്രക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ ആവിഷ്കരിച്ച പോർട്ടലാണ് 'എയർ സുവിധ'.