Asianet News MalayalamAsianet News Malayalam

'നടപടി ഏകപക്ഷീയം, അംഗീകരിക്കില്ല'; നേപ്പാളിന്റെ പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ

അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ഇരു രാജ്യങ്ങളുടെയും ധാരണക്ക് വിരുദ്ധമായിട്ടാണ് നേപ്പാളിന്റെ ഇപ്പോഴത്തെ നീക്കം.
 

Would not Accept Nepal's New Political map: India
Author
New Delhi, First Published May 20, 2020, 11:05 PM IST

ദില്ലി: അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയ നടപടിയില്‍ പ്രതികരണവുമായി ഇന്ത്യ. നേപ്പാളിന്റേത് ഏകപക്ഷീയമായ നീക്കമാണെന്നും ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയും അറിയിച്ചു. ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്. നേപ്പാള്‍ കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭൂപടം തയ്യാറാക്കിയത്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് നേപ്പാളിന് അറിയാം. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ഇരു രാജ്യങ്ങളുടെയും ധാരണക്ക് വിരുദ്ധമായിട്ടാണ് നേപ്പാളിന്റെ ഇപ്പോഴത്തെ നീക്കം. ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും നേപ്പാള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേപ്പാള്‍ ഭരണനേതൃത്വം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുള്ള ലിപുലേഖ്, കലാപാനി, ലിംപിയാധുര പ്രദേശങ്ങളാണ് നേപ്പാള്‍ സ്വന്തം പ്രദേശങ്ങളായി അംഗീകരിച്ചാണ് നേപ്പാള്‍ പുതിയ മാപ്പ് പുറത്തിറക്കിയത്.

നേപ്പാളിന്റെ പ്രദേശങ്ങള്‍ തിരിച്ചുലഭിക്കണമെന്നാവശ്യപ്പെട്ട് നേപ്പാള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരുന്നു.കാലാപാനിയാണ് ഏറെക്കാലമായി ഇരുരാജ്യങ്ങളും തര്‍ക്കമുള്ള പ്രധാന പ്രദേശം. ഉത്തരാഖണ്ഡിലെ പിത്തോരഖണ്ഡ് ജില്ലയില്‍ ഉള്‍പ്പെടുന്ന കാലാപാനി നേപ്പാളിന്റെ പ്രദേശമാണെന്നാണ് അവര്‍ ഏറെക്കാലമായി അവകാശപ്പെടുന്നത്.ലിപുലേഖുമായി ധര്‍ച്ചുളയെ ബന്ധിപ്പിക്കുന്ന റോഡ് ഇന്ത്യ നിര്‍മിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച നേപ്പാള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയിരുന്നു.
 

Follow Us:
Download App:
  • android
  • ios