കഴിഞ്ഞ പ്രതിഷേധത്തിൽ  പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതിൽ മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും താരങ്ങൾ

ദില്ലി: ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. മെയ് ഏഴിന് നടക്കാൻ ഇരിക്കുന്ന ഫെഡറഷൻ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കായിക മന്ത്രാലയം നിർദേശിച്ചതെന്നാണ് വിവരം. ബ്രിജ് ഭൂഷൻ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെഡറേഷൻ നിർവാഹക സമിതി തെരഞ്ഞെടുപ്പ് നടത്താൻ താത്കാലിക സമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കായിക മന്ത്രാലയം നിർദ്ദേശം നൽകി. താത്കാലിക സമിതി രൂപീകരിച്ച് 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിർവാഹക സമിതിയുടെ ചുമതലകൾ താൽക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. ഗുസ്തി ഫെഡറേഷനും അംഗങ്ങളുമായി സുതാര്യമായ ബന്ധമില്ലെന്നും കണ്ടെത്തലുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക സമിതിയെ നിയോഗിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമർപ്പിച്ച റിപ്പോർട്ടിനെതിരെ ഗുസ്തി താരങ്ങൾ രംഗത്ത് വന്നു. റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങളിൽ എവിടെയും ലൈംഗിക പരാതിയെക്കുറിച്ച് പരാമർശമില്ലെന്നും ഫെഡറേഷന്റെ പ്രവർത്തനത്തിലെ സുതാര്യത മറ്റൊരു വിഷയമാണെന്നും താരങ്ങൾ പ്രതികരിച്ചു. 

സമരത്തിന് രാഷ്ട്രീയ പിന്തുണ സ്വീകരിക്കും

സത്യസന്ധമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് വിനേശ് ഫൊഗട് ജന്തർ മന്തറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നതാണ് ആവശ്യം. മൂന്ന് ദിവസമായി എഫ്ഐ ആർ എടുക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്. ബിജെപി നേതാവായത് കൊണ്ട് കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുണ്ട്. പണത്തിന്റെയും അധികാരത്തിന്റയും ബലം ബ്രിജ് ഭൂഷണുണ്ട്. കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താൻ ബ്രിജ് ഭൂഷണ് കഴിയുന്നുണ്ട്. ഇത്തവണ സമരത്തിന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. കഴിഞ്ഞ പ്രതിഷേധത്തിൽ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതിൽ മാപ്പ് ചോദിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും, കായിക താരങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും താരങ്ങൾ പറഞ്ഞു.

കേന്ദ്രത്തിനെതിരെ ഭൂപേന്ദ്ര ഹൂഡ

രാജ്യത്തിനായി മെഡല്‍ നേടിയവർ ധർണ ഇരിക്കേണ്ടി വരുന്നത് ഖേദകരമെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദ്ര ഹൂഡ‍ വിമർശിച്ചു. ഗുസ്തി താരങ്ങള്‍ക്ക് നീതി കിട്ടണം. ഗുസ്തി താരങ്ങൾ പിന്തുണ ആവശ്യപ്പെട്ടാല്‍ തീർച്ചയായും നൽകും. കായിക താരങ്ങള്‍ക്കായി പോരാടുമെന്നും ഭൂപേന്ദ്ര ഹൂഡ അറിയിച്ചു.