Asianet News MalayalamAsianet News Malayalam

ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യ സ്വപ്നം കാണേണ്ട; തുറന്നടിച്ച് ചേതൻ ഭ​ഗത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾക്കും സർക്കാർ നിലപാടിനുമെല്ലാം എതിരെയും ചേതൻ ഭഗത് പ്രതികരിക്കുന്നുണ്ട്. 

writer Chetan Bhagat takes a stand on citizenship amendment act row
Author
New Delhi, First Published Dec 18, 2019, 8:32 PM IST

ദില്ലി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ ചേതൻ ഭ​ഗത്. പല വിഷയങ്ങളിലായി നിരവധി തവണ ബിജെപി അനുകൂല നിലപാടെടുത്ത ചേതൻ ഭ​ഗത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ശക്തമായ ഭാഷയിലാണ് ആ‍ഞ്ഞടിച്ചിരിക്കുന്നത്. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. എട്ടോളം ട്വീറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

''ഒരു ഹിന്ദു രാജാവും അയാള്‍ക്ക് പാദസേവ ചെയ്യുന്നവരും മാത്രമുള്ള ഇന്ത്യയെപ്പറ്റി സ്വപ്നം കാണുന്നവര്‍ ഇക്കാര്യം ഓർക്കുക: നിങ്ങളുടെ മതഭ്രാന്തിനെ ഞാന്‍ മഹത്വവല്‍ക്കരിച്ചാലും (ഞാനങ്ങനെ ചെയ്യില്ല),  200 ദശലക്ഷം മുസ്‍ലിംകളെ ഇവിടെ നിന്ന് പുറത്താക്കാമെന്ന് നിങ്ങൾ കരുതേണ്ട. അതിനു ശ്രമിച്ചാല്‍ ഇന്ത്യ കത്തും, ജിഡിപി തകരും, നിങ്ങൾ മക്കൾ അരക്ഷിതരും തൊഴിൽരഹിതരമാകും. അതുകൊണ്ട് മനോരാജ്യം കെട്ടുന്നത് നിർത്തൂ'' എന്ന് ട്വീറ്റിലൂടെ ചേതൻ ഭഗത് തുറന്നടിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾക്കും സർക്കാർ നിലപാടിനുമെല്ലാം എതിരെയും ചേതൻ ഭഗത് പ്രതികരിക്കുന്നുണ്ട്. താൻ സമരങ്ങൾക്ക് ഒപ്പമാണെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

"ദീർഘമായി നിരന്തരം ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തുന്നത് സമ്പദ്ഘടനയെയും വ്യവസായത്തെയും സാരമായി ബാധിക്കും. പ്രവചിക്കാന്‍ കഴിയാത്ത, കാര്യങ്ങള്‍ നിയന്ത്രണത്തിലല്ലാത്ത മൂന്നാംലോക രാജ്യമാണ് നമ്മള്‍ എന്ന സന്ദേശമാണ് അത് നല്‍കുക. ഹോങ്കോങ് പ്രതിഷേധങ്ങള്‍ക്കിടെ ജനാധിപത്യ രാജ്യമല്ലാത്ത ചൈന പോലും ഇങ്ങനെ ചെയ്തിട്ടില്ല", ചേതൻ ഭ​ഗത് ട്വീറ്റിൽ കുറിച്ചു. 

"പൗരത്വ ഭേദ​ഗതി ബില്ലില്‍ കൂടുതല്‍ വിദ്യാഭ്യാസവും കൂടുതല്‍ സമവായ നിര്‍മാണവും കൂടുതല്‍ മികച്ച വാക്കുകളും നല്ല ഉദ്ദേശ്യവും ആവശ്യമാണ്. സാമൂഹ്യപാത്രത്തെ തുടര്‍ച്ചയായി ഇളക്കുന്നത് ജനങ്ങളെ വേദനിപ്പിക്കുകയും നേരത്തെ ദുര്‍ബലമായ സമ്പദ്ഘടനയെ ഉലക്കുകയും ചെയ്യും",

"യുവാക്കള്‍ രോഷാകുലരാണ്. ആവശ്യത്തിന് തൊഴിലില്ല. ശമ്പളവും വളരെ കുറവാണ്. അവരോട് കളിക്കാന്‍ നില്‍ക്കരുത്. സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തി കൊണ്ടുവരുന്നതിനാണ് ആദ്യം മുൻ​ഗണന നൽകേണ്ടത്",

"ചരിത്രപരമായ പേരുകള്‍ എന്തുമായിരിക്കട്ടെ, ഇന്ത്യയില്‍ ഹിന്ദു യൂണിവേഴ്സിറ്റികളോ മുസ്ലിം യൂണിവേഴ്സിറ്റികളോ ഇല്ല. അവയെല്ലാം ഇന്ത്യന്‍ യൂണിവേഴ്സിറ്റികളാണ്. അവയ്ക്കെല്ലാം സംരക്ഷണം നല്‍കുകയും വേണം", എന്നിങ്ങനെ വിവിധ ട്വീറ്റുകളിലൂടെ ചേതൻ ഭ​ഗത് തന്റെ നിലപാട് വ്യക്തമാക്കി. 

 


 

Follow Us:
Download App:
  • android
  • ios