ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. അപകടകാരികളായ  ടുക്ഡേ-ടുക്ഡേ ഗ്യാങ് രണ്ടുപേരാണെന്നും അവര്‍ ബിജെപിയാലുള്ളതെന്നുമാണ് മോദിയെയും അമിത് ഷായെയും പരോക്ഷമായി സൂചിപ്പിച്ച് സിന്‍ഹ പ്രതികരിച്ചത്.

ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ ടുക്ഡേ-ടുക്ഡൈ ഗ്യാങ് രണ്ടുപേരാണ്, ദുര്യോധനനും ദുശ്ശാസനനും. അവര്‍ രണ്ടുപേരും ബിജെപിയിലാണുള്ളത്. അവരെയോര്‍ത്ത് ജാഗ്രത വേണം. യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ 2018ലാണ് ബിജെപി വിട്ടത്. 

രാജ്യതലസ്ഥാനത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ പോലും കോണ്‍ഗ്രസാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം അവര്‍ക്ക് മറുപടി നല്‍കണം. അവരെ ഒരു പാഠം പഠിപ്പിക്കണം. അവര്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണ് എന്നും അമിത് ഷാ പറഞ്ഞിരുന്നു. 

Read Also: 'ദില്ലിയിലെ ടുക്ഡേ - ടുക്ഡേ ഗ്യാംഗിനെ ശിക്ഷിക്കണം, അതിന് സമയമായി': അമിത് ഷാ