ആദായനികുതി വകുപ്പ് അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയതാണ് രേഖകൾ. ആ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും യെദ്യൂരപ്പ 

ബെംഗലൂരൂ: 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. ആദായനികുതി വകുപ്പ് അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തിയതാണ് രേഖകൾ. ആ രേഖകളാണ് കോൺഗ്രസ് പുറത്തുവിട്ടതെന്നും യെദ്യൂരപ്പ വിശദമാക്കി. 

നേരത്തെ കര്‍ണാടക ബിജെപി അഴിമതി ആരോപണം നിഷേധിച്ചിരുന്നു. കോൺഗ്രസ്‌ പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും വിശദമാക്കിയ ബിജെപി യെദ്യുരപ്പയുടെ യഥാര്‍ത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. 

ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറി. പണം നൽകിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. 

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നൽകിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്‍‍റ്റ‍്‍ലിക്കും 150 കോടി വീതം നൽകി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നൽകി . രാജ്‌നാഥ്‌ സിംഗിന് നൽകിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി നൽകി . ജഡ്ജിമാർക്ക് 500 കോടി നൽകിയെന്നും യെദ്യൂരപ്പയുടെ ഡയറിയിൽ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.