ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. ബിജെപിയിലെ ചില നേതാക്കളില്‍ ചിലർ യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എന്‍ ആർ സന്തോഷിനെ മാസങ്ങളായി ഭീഷണിപ്പെടുത്തുകയാണെന്ന് കർണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാർ ആരോപിച്ചു. അതേസമയം ആരോപണങ്ങൾ സന്തോഷ് നിഷേധിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനും നലിവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എന്‍ ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സന്തോഷ് മറ്റ് പാർട്ടികളില്‍ നിന്നും എംഎല്‍മാരെയെത്തിച്ച് യെദ്യൂരപ്പ സർക്കാർ രൂപീകരിക്കുന്നതിലടക്കം നിർണായക പങ്കുവഹിച്ചയാളാണ്.

2017ല്‍ പാർട്ടിയില്‍ യെദ്യൂരപ്പയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിർന്ന നേതാക്കളില്‍ ഒരാളായ കെ എസ് ഈശ്വരപ്പയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തെ തട്ടിക്കൊണ്ടു പോയ കേസില്‍ സന്തോഷിന്‍റെ പേര് നേരത്തെ ഉയർന്നു വന്നിരുന്നു. തുടർന്ന് സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും മറ്റ് നടപടികളുണ്ടായില്ല. മാത്രമല്ല യെദ്യൂരപ്പയുടെ മാധ്യമ ഉപദേഷ്ടാവും , മറ്റൊരു പൊളിറ്റിക്കല്‍ സെക്രട്ടറിയും ആഴ്ചകൾക്ക് മുന്‍പ് രാജിവച്ചിരുന്നു.

അതേസമയം സന്തോഷിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് ബിജെപിയിലെ തന്നെ ചില നേതാക്കളുടെ ഭീഷണിയാണെന്ന് ആരോപിച്ച് ഡി കെ ശിവകുമാ‍ർ രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. സന്തോഷ് ഒരു വീഡിയോ സംസ്ഥാന ബിജെപിയിലെ ചില നേതാക്കൾക്ക് നല്‍കിയെന്നും ഇത് കേന്ദ്ര നേതൃത്ത്വത്തിന്‍റെ കൈയ്യിലെത്തിയെന്നും ശിവകുമാ‍ർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വീഡിയോ ഉപയോഗിച്ച് ചിലർ സന്തോഷിനെ മാസങ്ങളായി ഭീഷണിപ്പെടുത്തുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കർണാടക പിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ രാവിലെ ആശുപത്രിയില്‍ നിന്നും ചികിത്സ പൂർത്തിയാക്കി മടങ്ങവേ ആരോപണങ്ങൾ സന്തോഷ് നിഷേധിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്ക ഗുളിക അബദ്ധത്തിൽ കഴിച്ചതാണെന്നുമാണ് സന്തോഷിന്റെ വിശദീകരണം. 

ഏതായാലും മന്ത്രിസഭാ വികസനത്തെ ചൊല്ലി കർണാടക ബിജെപിയില്‍ യെദ്യൂരപ്പയ്ക്കെതിരെ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തില്‍ ഈ സംഭവങ്ങൾ പല അഭ്യൂഹങ്ങളും ഉയർത്തുന്നുണ്ട്.