ലക്നൌ: മതപരിവര്‍ത്തനത്തിനായി പ്രണയവും വിവാഹവും നടത്തുന്നത് തടയാനുള്ള സാധ്യതകള്‍ തേടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥരോട് പ്രേമത്തിന്‍റെ പേരിലുള്ള മതം മാറ്റം തടയാനുള്ള സാധ്യതളേക്കുറിച്ച് യോഗി ആദിത്യനാഥ് തേടിയത്. പ്രേമ ബന്ധങ്ങളുടെ പേരില്‍ സ്ത്രീകള്‍ മതം മാറുകയും പിന്നീട് പീഡനങ്ങള്‍ക്കും കൊലപ്പെടുന്നതും സമീപകാലത്ത് വര്‍ധിക്കുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥ് വിശദമാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ എക്കണോമിക്സ് ടൈംസിനോട് പ്രതികരിച്ചത്.

ഇത്തരം സംഭവങ്ങള്‍ തടയാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. വേണമെങ്കില്‍ ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയ്യാറാക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുള്ളതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരം മതം മാറ്റല്‍ വ്യാപകമായി നടക്കുന്നുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതം മാറ്റത്തിന് പിന്നാലെയുള്ള ഇത്തരം ക്രൂരകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നത് പരിശോധിക്കാനും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. നേരത്തെ ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ പരിശോധിക്കാന്‍ കാണ്‍പൂരില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം യുപി സംസ്ഥാന നിയമ കമ്മീഷന്‍ നിര്‍ബന്ധിച്ചുള്ള മതംമാറ്റം  തടയാന്‍ പുതിയ നിയമം വേണമെന്ന് യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മത സ്വാതന്ത്ര്യം ബില്‍ 2019 ന്‍റെ കരട് അടക്കമുള്ളതായിരുന്നു ഈ റിപ്പോര്‍ട്ടെന്നാണ് നിയമ കമ്മീഷന്‍ സെക്രട്ടറി സപ്ന ത്രിപാഠി പറയുന്നത്. 268 പേജുകളുള്ള റിപ്പോര്‍ട്ട് നിര്‍ബന്ധിച്ചുള്ള മതംമാറ്റവും അതിന് പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അടക്കമാണ് യോഗി ആദിത്യനാഥിന് സമര്‍പ്പിച്ചിട്ടുള്ളത്.