ഡിസംബര്‍ 15ഓടെ കോള്‍ഡ് സ്റ്റോറേജുകളുടെ ശേഷി 2.30ലക്ഷം ലിറ്ററാക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും ഈ സൌകര്യം ലഭിക്കണമെന്നും യുപി മുഖ്യമന്ത്രി 

ലക്നൌ: കൊവിഡ് വാക്സിന്‍ സൂക്ഷിക്കാന്‍ സംഭരണ ശാലകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ സംഭരണശാലകള്‍ക്ക് ഇവിഎമ്മുകള്‍ക്ക് നല്‍കുന്നതിന് സമാനമായ സംരക്ഷണം നല്‍കണമെന്നും യോഗി ആദിത്യനാഥ് ശനിയാഴ്ച അധികാരികളോട് നിര്‍ദ്ദേശിച്ചു. സ്വവസതിയില്‍ വച്ച് നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

ഡിസംബര്‍ 15ഓടെ കോള്‍ഡ് സ്റ്റോറേജുകളുടെ ശേഷി 2.30ലക്ഷം ലിറ്ററാക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ജില്ലകളിലും ഈ സൌകര്യം ലഭിക്കണമെന്നും യുപി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനാണ് ഇവിഎമ്മിന് സമാനമായ സുരക്ഷ ഒരുക്കുന്നതെന്നാണ് യോഗി വിശദമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ സംബന്ധിയ പരിശീലനങ്ങളും നല്‍കണമെന്നാണ് യുപി മുഖ്യമന്ത്രി വ്യക്തമാക്കിയത്. കൊവിഡ് വാക്സിന് വേണ്ടി ഏറക്കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 

ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ച് തുടങ്ങിയാല്‍ ഉടന്‍ വാക്സിന്‍ ഡ്രൈവ് ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി വിശദമാക്കിയത്. അഞ്ച് വാക്സിനുകളാണ് പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഓക്സ്ഫോഡ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഫേസ് ട്രീ ട്രെയലുകളിലാണ് നിലവിലുള്ളത്. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിനും മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചിട്ടുണ്ട്.