ലക്നൗ: നോയിഡയിലെ കൊവിഡ് രോ​ഗികൾക്കായി 400 കിടക്കകളുള്ള സർക്കാർ ആശുപത്രിയുടെ ഉദ്​ഘാടനം നിർവ്വഹിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ടാറ്റ ട്രസ്റ്റുമായും ബിൽ ആന്റ് മെലിൻഡ ​ഗേറ്റ്സ് ഫൗണ്ടേഷനുമായും സഹകരിച്ചാണ് ആശുപത്രി ഒരുക്കിയിരിക്കുന്നതെന്ന്  അധികൃതർ അറിയിച്ചു. ഹോസ്പിറ്റലിലെ സജ്ജീകരണങ്ങൾ മുഖ്യമന്ത്രി ആദിത്യനാഥ് വിലയിരുത്തി. 200 കിടക്കളുമായി ഞായറാഴ്ച മുതൽ  പ്രവർത്തനം ആരംഭിക്കുമെന്നും അവശേഷിക്കുന്നവ പിന്നീട് ലഭ്യമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

​ഗൗതം ബുദ്ധ് ന​ഗർ എംപി മഹേഷ് ശർമ്മ, നോയിഡ എംഎൽഎ പങ്കജ് സിം​ഗ്, ദാദ്രി എംഎൽഎ തേജ്പാൽ നാ​ഗർ, ജവാർ എംഎൽഎ ധീരേന്ദ്ര സിം​ഗ്, ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ വൈ, ജില്ലയിലെ കോവിഡ് റെസ്പോൺസ് ഓഫീസർ നരേന്ദ്ര ഭൂഷൺ, മറ്റ് മുതിർന്ന ഡോക്ടേഴ്സ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരത്തോടെ യോ​ഗി ആദിത്യനാഥ് ​ഗൗതംബുദ്ധ് ന​ഗറിൽ എത്തിച്ചേർന്നിരുന്നു. ജില്ലയിൽ 5800 ലധികം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഇതുവരെ 43 പേർ മരിച്ചുവെന്നും ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു.