രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാജ്ഘട്ടിൽ പുഷ്പാര്‍ച്ചന നടത്തി

ലക്നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദ വാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാ ഗാന്ധിയുടെ 153ാം ജന്മ വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. ലക്നൗവിലെ ഗാന്ധി ആശ്രമത്തിലെത്തിയാണ് ആദിത്യനാഥ് പുഷ്പാര്‍ച്ചന നടത്തിയത്. 

''ജന്മ വാര്‍ഷിക ദിനത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജിക്ക് ശ്രദ്ധാഞ്ജലി. ജനങ്ങളെ ഒരുമിപ്പിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം വലിയ സംഭാവനകൾ നൽകി. രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമാണ് അദ്ദേഹം'' - ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഈ സന്ദര്‍ഭത്തിൽ, ഖാദി ഉത്പന്നങ്ങൾ വാങ്ങണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 

''ജനങ്ങൾ നിര്‍ബന്ധമായും ഒരു ഖാദി ഉത്പന്നമെങ്കിലും ധരിക്കണം. സ്വാശ്രയത്വത്തീലൂന്നിയ ഇന്ത്യയെ വാര്‍ത്തെടുക്കാൻ, ഒരു ജില്ലയിൽ ഒരു ഉത്ദന്നം എന്നത് യുപിയിൽ പ്രാവര്‍ത്തികമാക്കണം'' - എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം 
മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനിൽ പങ്കെടുത്തു. അവിടെ ഒരു സംഘം ആളുകൾ വൈഷ്ണവ് ജൻ തോ എന്ന ഗാനം ആലപിച്ചു. 

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാജ്ഘട്ടിൽ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിയുടെ ജീവിതത്തിന്റെ മൂല്യങ്ങളായ സമാധാനം, തുല്യത, ഐക്യം എന്നീ ആശയങ്ങളിലേക്ക് എല്ലാ ജനങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം അമൃത് മഹോത്സവവമായി ആഘോഷിക്കുകയാണ് രാജ്യം എന്ന പ്രത്യേകത ഈ വര്‍ഷത്തിനുണ്ട്. ഗാന്ധിജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം - എന്നും രാഷ്ട്രപതി പറഞ്ഞു. 

Read More : 'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, യുദ്ധംചെയ്യും, ഒടുവിൽ വിജയം നിങ്ങളുടേതാകും'