ലഖ്‌നൗ: ദളിതര്‍ക്കും സ്‌ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാനും നടപടി സ്വീകരിക്കാനും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പൊലീസിന്‌ നിര്‍ദേശം നല്‍കി. ദളിതര്‍ക്കും സ്‌ത്രീകള്‍ക്കുമെതിരെ സംസ്ഥാനത്ത്‌ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്‌ മുഖ്യമന്ത്രിയുടെ ഉത്തരവ്‌.

അലിഗഡില്‍ രണ്ടര വയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടതുള്‍പ്പടെ നിരവധി സംഭവങ്ങളാണ്‌ ഉത്തര്‍പ്രദേശില്‍ നടക്കുന്നത്‌. കഴിഞ്ഞയിടെ പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിനിരയായ മൂന്ന്‌ സംഭവങ്ങള്‍ നടന്നതും ഉത്തര്‍പ്രദേശിലായിരുന്നു.

കുശിനഗര്‍ ജില്ലയില്‍ പന്ത്രണ്ട്വയസ്സുകാരിയായ ദളിത്‌ പെണ്‍കുട്ടിയെ ആറ്‌ പേര്‍ ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌തതായിരുന്നു ആദ്യത്തെ സംഭവം. കാണ്‍പൂരില്‍ അധ്യാപകന്‍ 15കാരിയെ ബലാത്സംഗം ചെയ്‌തതായിരുന്നു രണ്ടാമത്തേത്‌. ബിദബാഹയില്‍ ഏഴ്‌ വയസ്സുകാരിയുടെ മൃചദേഹം കണ്ടെത്തിയതായിരുന്നു മൂന്നാമത്തെ സംഭവം.